പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിന്നുംവെട്ടത്തൂര് പഞ്ചായത്തിലെ കാപ്പ് മേല്‍ക്കുളങ്ങര റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് വല്ലപ്പോഴും സര്‍വീസ് നടത്തുന്നതായി പരാതി. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഒഴിവനുസരിച്ച് മറ്റു റൂട്ടുകളില്‍ ഈ ബസ് പകരം ഓടുന്നതും യാതൊരുവിധ മുന്നറിയിപ്പും കൂടാതെ സര്‍വീസ് നിര്‍ത്തിവെക്കുന്നതും നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് ജീവനക്കാരുടെ ഇത്തരം ചെയ്തികള്‍ ഈ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാരെ വലക്കുന്നതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തേലക്കാട് ബസ് ദുരന്തത്തിന് ശേഷമാണ് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി മിനി ബസ് സര്‍വീസ് അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ബസ് ഓടിയതാകട്ടെ ഏതാനും ദിവസങ്ങള്‍ മാത്രമാണെന്നും ആരോപണമുണ്ട്. ബക്രീദ് ഓണം പ്രമാണിച്ച് ഏറെ തിരക്കനുഭവപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ പോലും ബസ് കൃത്യമായി സര്‍വീസ് നടത്തിയില്ല. 2013 സെപ്റ്റംബര്‍ ആറിന് പെരിന്തല്‍മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. അന്ന് ആകെ മൂന്നു ബസുകളാണ് ഈ റൂട്ടിലോടിയിരുന്നത്. യാത്രാക്ലേശം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെ ജനപ്രതിനിധികള്‍ ഇടപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിച്ചത്. തുടക്കത്തില്‍ മേല്‍ക്കുളങ്ങര മുതുകുര്‍ശി അലനല്ലൂര്‍ ട്രിപ്പുകളുമായി, അപകടത്തില്‍പ്പെട്ട ബസിന്റെ അതേസമയത്ത് സര്‍വീസ് നടത്തിയിരുന്നെങ്കിലും കാപ്പില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് റോഡ് വീതികൂട്ടിയിട്ടും സര്‍വീസ് പുനരാരംഭിച്ചതുമില്ല. ഇതേതുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി റൂട്ടിലോടുന്ന ഒരു ബസിന്റെ രണ്ടു ട്രിപ്പുകള്‍ ഇവിടേക്ക് അനുവദിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ബസും കൃത്യസമയങ്ങളില്‍ സര്‍വീസ് നടത്താത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പ്രശ്നത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധിക്യതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: