തൃശൂര്‍: തോളൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഇരുപത്തിനാല് മണിക്കൂര്‍ സേവനം പുനഃസ്ഥാപിച്ചു. സപ്തംബര്‍ രണ്ടുമുതല്‍ സേവനം നിര്‍ത്തലാക്കിയതിനെ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം പ്രവര്‍ത്തകനായ വിനീതിന്റെ നേതൃത്വത്തില്‍ വനിതാ ഹൗസര്ജന്മാരോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് 24 മണിക്കൂര്‍ സേവനം നിര്‍ത്തലാക്കിയത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. ആഗസ്റ്റ് 31നായിരുന്നു പൂനാട്ട് വീട്ടില്‍ വിനീതിന്റെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ വനിതാ ഹൗസര്ജന്മാരോട് ഡ്രിപ്പിടുവാന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അസുഖമില്ലാത്ത ഇവര്‍ക്ക് ഡ്രിപ്പിടില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിറ്റേന്നും ഇവര്‍ ഭീഷണി ഉയര്‍ത്തി വനിതാഹൗസര്ജന്മാരുടെ ഫോട്ടോ എടുത്തപ്പോഴാണ് പ്രശ്നം ഉണ്ടായത്. 8ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചേര്‍ന്നപ്പോള്‍ ബിജെപി പ്രതിനിധികള്‍ വിഷയം ഉന്നയിക്കുകയും ഇക്കാര്യത്തില്‍ ഇടപെടാമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് 24 മണിക്കൂര്‍ സേവനം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: