ഇരിങ്ങാലക്കുട : നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. കോണത്തുന്ന് ചിരട്ടക്കുന്ന് ഇഴുവത്ര വീട്ടില്‍ ഷാജിയുടെ ഭാര്യ ജലജ (38)യെയാണ് ഇരിങ്ങാലക്കുട എസ്.ഐ വി.പി സുബീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവരുടെ ചിരട്ടക്കുന്നിലെ വീട്ടിലും, കടയിലും നടത്തിയ പരിശോധനയില്‍ വന്‍ ഹാന്‍സ് ശേഖരവും പോലിസ് പിടിച്ചെടുത്തു.
തമിഴ്നാട്ടില്‍ നിന്നും ഹാന്‍സ്, ശംഭു എന്നിവ ശേഖരിച്ച് പച്ചക്കറി കയറ്റി വരുന്ന വണ്ടികളിലാണ് ഹാന്‍സ് മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നത്. അവിടെ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങി കടയോട് ചേര്‍ന്ന വീടിന്റെ അടുക്കളയിലും മറ്റും ഒളിപ്പിച്ചുവെച്ചാണ് ചില്ലറ മൊത്ത വില്‍പ്പന നടത്തി വന്നിരുന്നതെന്ന് പോലിസ് പറഞ്ഞു. ചെറുപൊതികളാക്കിയും, സിഗരറ്റിന്റെ കാലിയായ പാക്കറ്റുകളിലുവെച്ചുമാണ് കൊടുത്തിരുന്നത്.
അതിനാല്‍ ചില്ലറ വില്‍പ്പന പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാറില്ല. പിടിയിലാകുന്നവരെ ചെറിയ തുക കോടതിയില്‍ ഫൈന്‍ അടച്ചു വിടുന്നതിനാല്‍ വില്‍പ്പന തടസ്സമില്ലാതെ മുന്നോട്ടുപോകുകയാണ് പതിവെന്ന് പോലിസ് വ്യക്തമാക്കി. തമിഴ്നാട്ടില്‍ നിന്നും മൂന്ന് രൂപയ്ക്ക് വാങ്ങുന്ന ലഹരി പൊതികള്‍ 35 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. ഈ അമിത ലാഭമാണ് സ്ത്രീകളടക്കം വില്‍പ്പനയിലേയ്ക്ക് തിരിയാന്‍ കാരണമായതെന്ന് പുതുതായി ചാര്‍ജ്ജെടുത്ത എ.എസ്.പി മെറിന് ജോസഫ് പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളും, സ്കൂള്‍ വിദ്യാര്‍ത്ഥികളുമാണ് പ്രധാന ഉപഭോക്താക്കള്‍. ഓണം റംസാന് ആഘോഷങ്ങളുടെ ഭാഗമായി അനധികൃതമായി ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി രൂപികരിച്ച ആന്റി നെര്‍ക്കോട്ടിക്ക് സ്ക്വാഡിന്റെ പരിശോധനയിലാണ് യുവതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘത്തില്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത്കുമാര്‍, ജോജോ, രജനി എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: