ആലപ്പാട്: രണ്ടോണനാളില്‍ ആഞ്ഞുവീശിയ മിന്നല്‍ ചുഴലിയില്‍ വീട്ടുമുറ്റത്തെ പടുകൂറ്റന്‍ മരക്കൊമ്പ് അടര്‍ന്ന് വീണ് ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു.
മറ്റ് രണ്ട് വീടുകളില്‍ ചെറുവക മരങ്ങള്‍ക്കും പച്ചക്കറി കൃഷിയ്ക്കും നാശം വിതച്ചു. നിലത്ത് നട്ടിരുന്ന ചെറു ചെടികളും പുല്‍ച്ചെടികളും പോലും കാറ്റിന്റെ ശക്തിയില്‍ പത്തു പതിനഞ്ചു മീറ്ററുകള്‍ ദൂരേയ്ക്ക് കടയോടെ പറിച്ചെറിയപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ ചാറ്റല്‍ മഴയിലും ശക്തമായ ചുഴലിയിലുമാണ് നിമിഷ നേരം കൊണ്ട് സര്‍വ്വത്ര നാശം ഉണ്ടായത്. അപകടസമയത്ത് വീട്ടുകാര്‍ ഓണാഘോഷം കാണാന്‍ പോയിരിക്കുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ആലപ്പാട് സ്വര്‍ഗ്ഗം വഴി,കാരയില്‍ ഷജിത സുനിലിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.വീടിന്റെ മുന്‍വശത്തെ മതില് പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. വീടിനു മുന്‍വശത്തെ പടുകൂറ്റന്‍ ഏഷ്യന്‍ ഞാവല്‍ കൊമ്പ്, ഷജിത സുനിലിന്റെ വീടിന്റെ മേല്‍ക്കൂരയിലെ കോടി ഭാഗവും ഷീറ്റു മേഞ്ഞ മുന്‍വശവും തകര്‍ത്ത് ,തൊട്ടടുത്ത വനിത സഹകരണ സംഘമായ ദീപ ഇന്‍ഡസ്ട്രീസിന്റെ ടെറസ്സില്‍ തങ്ങി നില്ക്കുന്ന അവസ്ഥയിലാണ്. ഓടുകളും കഴുക്കോലുകളും പട്ടികയും പാടെ തകര്‍ന്ന നിലയിലാണ്. അയല്‍വാസിയായ ചെമ്മാനി, കവിത സുനിലിന്റെ വീട്ടുമുറ്റത്തെ നെല്ലിമരം നടുവൊടിഞ്ഞു വീണു. ഷജിതയുടേയും കവിതയുടേയും വീട്ടുവളപ്പിലെ വാഴകള്‍, പച്ചക്കറികള്‍, എന്നിവയും മിന്നല്‍ ചുഴലിയില്‍ നശിച്ചു.അപകടവിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്, വൈസ് പ്രസിഡന്റ് വി.ആര് .ബിജു, വില്ലേജ് അധികൃതര്‍, സിപിഐ എല്‍സി സെക്രട്ടറി കെ.കെ. രാജേന്ദ്രബാബു, മുന്‍ വാര്‍ഡംഗം രാജന് പൊലിയേടത്ത്, എഐവൈഎഫ് നാട്ടിക മണ്ഡലം സെക്രട്ടറി എന്‍.എ. ഫൈസല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. 25000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പുള്ള്,ആലപ്പാട്, ചാഴൂര്‍ മേഖലകളില്‍ വര്‍ഷക്കാലം ആരംഭിച്ചതോടെ ഇത് മൂന്നാം തവണയാണ് മിന്നല്‍ ചുഴലിബാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: