ഇരിങ്ങാലക്കുട: രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇരിങ്ങാലക്കുട മിനി ബസ്സ് സ്റ്റാന്റിന് ശാപമോക്ഷമായില്ല. ഇരിങ്ങാലക്കുട മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച മിനി ബസ്സ് സ്റ്റാന്റാണ് വെറുതെ കിടന്ന് നശിക്കുന്നത്. 1992 ജൂലായ് 18ന് അന്നത്തെ നഗരസഭ ചെയര്‍മാനായിരുന്ന ടി.ജെ തോമസാണ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. കച്ചവട പ്രൗഡി കുറഞ്ഞ ഇരിങ്ങാലക്കുട മാര്‍ക്കറ്റിനെ നവീകരിക്കുന്നതിനും നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുമായിട്ടാണ് ബസ്സ് സ്റ്റാന്റ് നിര്‍മ്മിച്ചത്. നഗരസഭ ബസ്സ് സ്റ്റാന്റിലെ തിരക്ക് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കുവാനും ഇതിലൂടെ കഴിയുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നെന്ന് ജനം ആരോപിക്കുന്നു. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്.ടി.സിയുടെ ഹോള്‍ട്ടിംഗ് സെന്ററായും ഇത് ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ സ്റ്റാന്റിലെത്തി അവിടെ നിന്നും ഠാണ, താലൂക്കാശുപത്രി വഴി മിനി ബസ്സ് സ്റ്റാന്റില്‍ എത്തുക, ചാലക്കുടി, കൊടകര ഭാഗത്ത്നിന്നും വരുന്ന ബസ്സുകള്‍ മിനി ബസ് സ്റ്റാന്റിലെത്തി തെക്കേ അങ്ങാടി, ചന്തക്കുന്ന്, ക്രൈസ്റ്റ് കോളേജ് വഴി സ്റ്റാന്റില്‍ എത്തുക എന്നിങ്ങനെയായിരുന്നു അന്നത്തെ ട്രാഫിക് ഉപദേശക സമിതി നിര്‍ദ്ദേശം. ഉദ്ഘാടനം കഴിഞ്ഞ ആദ്യ ദിനങ്ങളില്‍ ബസ്സുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചെങ്കിലും പിന്നിട് ബസ്സുടമകളും, നഗരസഭ അധികൃതരില്‍ ചിലരും ചേര്‍ന്ന് അട്ടിമറിക്കപ്പെടുകയായിരുന്നെന്ന് പറയുന്നു. ബസ്സ് സ്റ്റാന്റിനെ ഉപയോഗപ്രദമാക്കി മാറ്റാന്‍ മാറിമാറി വന്ന പോലിസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടയ്ക്കൊക്കെ ഇവിടേയ്ക്ക് ബലമായി ബസ്സുകള്‍ എത്തിച്ചെങ്കിലും ശാശ്വതമായ രീതിയില്‍ ബസ്സ് സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാലാണ് ബസ്സുകള്‍ ഇവിടേയ്ക്ക് വരാത്തതെന്നായിരുന്നു ബസ്സുടമകള്‍ ആദ്യം പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ്സ് സ്റ്റാന്റില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും സ്റ്റാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ സാധിച്ചില്ല. ആരും തിരിഞ്ഞുനോക്കാതായതോടെ മിനി ബസ്സ് സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡ്ഡുകളെല്ലാം തുരുമ്പെടുത്ത അവസ്ഥയിലാണ് ഇപ്പോള്‍. മുന്നൂറിലധികം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ സ്ഥലപരിമിതി മൂലം യാത്രക്കാര്‍ വിഷമിക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താന്‍ മാര്‍ക്കറ്റിലെ മിനി ബസ്സ് സ്റ്റാന്റിന് സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 24 വര്‍ഷമായിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാനാകാതെ, ആരും തിരിഞ്ഞുനോക്കാതെ മിനി ബസ്സ് സ്റ്റാന്റ് നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റാന്റ് തുറക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളും, ജനപ്രതിനിധികളും യാതൊരു അഭിപ്രായവും പറയാതെ മൗനം ദീക്ഷിക്കുന്നത് പരിതാപകരമാണെന്ന് ജനങ്ങള്‍ പറയുന്നു. മിനി ബസ്സ് സ്റ്റാന്റിനെ തകര്‍ക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ജനം പറയുന്നത്. അതിനാല്‍ അടിയന്തിരമായി ഈ കാര്യത്തില്‍ ഒരു നടപടി ഉണ്ടാകണമെന്ന് ജനം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: