പത്തനംതിട്ട: ട്രാക്ടര്‍ തൊഴിലാളികള്‍ വേതനത്തെച്ചൊല്ലി നടത്തിയ പണിമുടക്ക് മറ്റ് മേഖലകളിലേക്കും വ്യാപിച്ചതോടെ ശബരിമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ബുധനാഴ്ച തുടങ്ങിയ തര്‍ക്കം വ്യാഴാഴ്ചയും തുടര്‍ന്നു. ഇടയ്ക്ക് പമ്പ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് അല്‍പ്പനേരം ട്രാക്ടറുകള്‍ ഓടി. വിഷയം കൈവിട്ട് പോവുകയാണെന്നും സ്ഥിതി തുടര്‍ന്നാല്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു.തര്‍ക്കം രൂക്ഷമായതോടെ മാലിന്യ സംസ്കരണ പ്ളാന്റടക്കം വരുന്ന തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കമായി ചെയ്യേണ്ട പണികളും തടസപ്പെട്ടു. പ്രശ്നം ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ട്രാക്ടറില്‍ പമ്പയിലും സന്നിധാനത്തും സാധനങ്ങള്‍ കയറ്റിറക്കുന്നതിന് രണ്ടു തൊഴിലാളികള്‍ക്ക് 300 രൂപ നല്‍കണമെന്ന ധാരണ കരാറുകാര്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇന്നലെ തൊഴിലാളികള്‍ പണിമുടക്കിയത്.
പ്രശ്നം പരിഹരിക്കാന്‍ തൊഴിലാളി സംഘടനകള്‍, കരാറുകാര്‍ എന്നിവരുടെ യോഗം ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്നു വൈകിട്ട് നാലിന് വിളിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ധാരണകള്‍ അട്ടിമറിക്കുകയാണെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. ഒരു തവണ ട്രാക്ടറില്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് സാധനങ്ങള്‍ കയറ്റിയിറക്കുന്നതിന് രണ്ടു തൊഴിലാളികള്‍ക്ക് 300 രൂപ നല്‍കണമെന്നായിരുന്നു ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ട്രാക്ടറില്‍ ക്ളീനര്‍, ചുമട്ടുകാരന് എന്നിവര്‍ക്ക് ഒരു തവണ കയറ്റിറക്കിന് 150 രൂപ വീതം നല്‍കണം. ഈ തീരുമാനമെടുത്ത യോഗത്തില്‍ രാറുകാരുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.
ചില ട്രാക്ടറുകാര് ക്ലീനറുമായിട്ടാണ് എത്തുന്നത്. പുറമേ ഒരു ചുമട്ടുകാരനെ മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍, കൂലിയായി തങ്ങള്‍ക്ക് 100രൂപയാണ് ലഭിക്കുന്നതെന്നാണ് ചുമട്ടുകാരുടെ പരാതി. 150 രൂപ ആവശ്യപ്പെട്ടാല്‍ ചില കരാറുകാര്‍ നല്‍കാറില്ലെന്ന് ചുമുട്ടുകാര് പറയുന്നു.
പക്ഷേ 300 രൂപ കൂലി കൊടുക്കാന്‍ തങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് കരാറുകാര്‍ വാദിക്കുന്നു. പണി കരാര്‍ എടുത്തത് 200 രൂപ കൂലി എന്ന കണക്ക് വെച്ചാണ്. കരാര്‍ പുതുക്കാതെ അധികം കൂലി പറ്റില്ലന്നും അവര്‍ പറഞ്ഞു. ഇതിനിടയില്‍ ഇന്നലെ വൈകുന്നേരത്തോടെ അട്ടത്തോടിന് സമീപംട്രാക്ടര് ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു. മര്‍ദ്ദന ത്തിന് പിന്നില്‍ സിഐടിയുക്കാരാണെന്നാണ് ആക്ഷേപം. ട്രാക്ടറിലും സ്കൂട്ടറുകളിലുമായി ശബരിമലയിലേക്കു പോയ തൊഴിലാളികളെ അട്ടത്തോട്ടില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കായംകുളം കരീലക്കുളങ്ങര സ്വദേശി കൃഷ്ണന്‍കുട്ടി (55), തിരുവനന്തപുരം സ്വദേശികളായ ബിജു (35), ഷൈന്‍ ദാസ് (28), ളാഹ സ്വദേശി മന്‍സൂര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: