സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തെ ലാഭക്കച്ചവടമാക്കുന്നതില് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന ധാരണ പരത്തി ഒടുവില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഭീഷണിക്കുവഴങ്ങി. ഫലമോ കഴിഞ്ഞ കാലങ്ങളിലെ ഫീസുകളില്‍ നിന്നും ഒരു കുതിച്ചു ചാട്ടം. മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആദ്യം തീരുമാനിച്ചു. ഇത് വിപ്ലവകരമായ നിലപാടെന്ന് പാടിപ്പുകഴ്ത്തി. ഹൈക്കോടതി ഈ നിലപാട് തള്ളിയപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് തന്നെ മാനേജുമെന്റുമായെടുത്ത ധാരണയ്ക്ക് പുറത്താണെന്ന് വ്യക്തം. ഫലമോ സ്വാശ്രയ സ്ഥാപനങ്ങളുടെ ലാഭക്കൊതിക്ക് അംഗീകാരം. മെറിറ്റ് സീറ്റില്‍ ഫീസ് 2.5 ലക്ഷമാക്കി. നേരത്തെ ഇത് 1.85ലക്ഷമായിരുന്നു. എന്‍ആര്‍ഐ സീറ്റ് ഫീസ് 15 ലക്ഷമാക്കി ഉയര്‍ത്തിയതിലും ന്യായീകരണമില്ല. ഈ ക്വാട്ടയില്‍ മൂന്നുലക്ഷമാണ് വര്‍ദ്ധിപ്പിച്ചത്. തര്‍ക്കത്തെത്തുടര്‍ന്ന് ചര്‍ച്ച പുരോഗമിക്കുന്നതിന് മുമ്പുതന്നെ ചില മാനേജ്മെന്റുകള്‍ പ്രവേശനം ആരംഭിച്ചത് അവര്‍ക്ക് വ്യക്തമായ സൂചന ലഭിച്ചതുകൊണ്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖല കച്ചവടമാക്കുന്നതില്‍ യുഡിഎഫിനോടൊപ്പമോ ഒരടി മുന്നിലോ എത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ പൊരുതാനിറങ്ങി മരിച്ചവരുടെ നാടായ കൂത്തുപറമ്പില്‍ നിന്നുള്ള മന്ത്രിതന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ലാഭവിഹിതം കൂട്ടാന്‍ സഹായകരമായ നിലപാടെടുത്തിരിക്കുന്നു. പരിതാപകരം മാത്രമല്ല ജനദ്രോഹം കൂടിയാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: