നിലമ്പൂര്‍: വനംവകുപ്പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട്ടില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് കാട്ടാനകള്‍ തകര്‍ത്തത്. എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെട്ട വാളാംതോട്ടില്‍ കുറുവന്‍ പുഴക്ക് സമീപം കോഴിപ്പാറ വെള്ളച്ചാട്ടംമുതല്‍ പലകത്തോട് വരെയുള്ള ഒന്നരക്കിലോമീറ്റര്‍ ദൂരത്തിലാണ് സംരക്ഷണ ഭിത്തി കഴിഞ്ഞവര്‍ഷം നിര്‍മിച്ചത്. 70 സെന്റീമീറ്റര്‍ ആഴത്തില്‍ 140 സെന്റീമീറ്റര്‍ വീതിയില്‍ ഫൗണ്ടേഷന് നിര്‍മിച്ച് 190 സെന്റീമീറ്റര്‍ കരിങ്കല്‍ കൊണ്ട് കെട്ടി 10 സെന്റീമീറ്ററില്‍ ബെല്‍റ്റ് തീര്‍ക്കാനായിരുന്നു എസ്റ്റിമേറ്റിലെ വ്യവസ്ഥ. എന്നാല്‍ ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെ പുറംഭാഗത്തുമാത്രം സിമന്റ് ഉപയോഗിച്ച് നിര്‍മിച്ച ബെല്‍റ്റാണ് ആന അനായാസം തകര്‍ത്തത്. കരിങ്കല്‍ ഭിത്തിയും രണ്ടു സ്ഥലങ്ങളില്‍ തകര്‍ത്തിട്ടുണ്ട്. ഒന്നരക്കോടി രൂപ ചിലവഴിച്ച് വനം വകുപ്പ് നിര്‍മിച്ച സംരക്ഷണഭിത്തിയാണ് നിലവില്‍ നോക്കുകുത്തിയായിരിക്കുന്നത്. ഭിത്തി തകര്‍ന്നതോടെ കാട്ടാനകള്‍ ദിവസവും കൃഷിയിടത്തിലേക്കെത്തുകയാണ്. ആനയെ വിരട്ടിയോടിച്ചാല്‍ ജനങ്ങള്‍ക്കുനേരെ തിരിയുന്നതും പതിവായിട്ടുണ്ട്. സംരക്ഷണഭിത്തി തകര്‍ന്ന ഭാഗത്തുകൂടിവേണം ആനക്ക് കാട്ടിലേക്ക് തിരിച്ചു പോവേണ്ടത്. ഇതിനാലാണ് ആനയെ വിരട്ടിയോടിക്കാന്പോലും കര്‍ഷകര്‍ക്ക് കഴിയാത്തത്. തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും തകര്‍ക്കുന്നതിനു പുറമെ വീടുകള്‍ക്കു മുന്പില് സ്ഥാപിച്ച ഗെയ്റ്റുകളും കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തിരുന്നു. സംരക്ഷണ ഭിത്തി നിര്‍മിച്ചപ്പോള്‍തന്നെ ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കണമെന്നും സംരക്ഷണഭിത്തിയുടെ ചില ഭാഗങ്ങള്‍ ഒഴിച്ചിട്ടത് ആനകള്‍ക്ക് കയറാന്‍ അവസരമാകുമെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കര്‍ഷകരായ ഒറ്റത്തെങ്ങേല്‍ മാത്യു, കൂനങ്കിയില്‍ വര്‍ഗീസ്, ഉള്ളാട്ടില്‍ ജോസ് എന്നിവര്‍ പറഞ്ഞു.കര്‍ഷക സംരക്ഷണത്തിന്റെ പേരില്‍ നിര്‍മിച്ച മതിലിനു പിന്നില്‍ ഉദ്യോഗസ്ഥ കരാറുകാര്‍ തമ്മിലുള്ള അഴിമതിയാണ് നടന്നതെന്നും മതിലു നിര്‍മാണവുമായി ബന്ധപ്പെട്ട് പോലീസ് വിജിലന്‍സ് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കാട്ടാന ശല്യത്തെ തുടര്‍ന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയെ വാളാംതോട്ടില്‍ കര്‍ഷകര്‍ തടഞ്ഞുവക്കുകയും പികെ ബഷീര്‍ എംഎല്‍എ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ഇടപെട്ട് സംരക്ഷണഭിത്തി നല്‍കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് സംരക്ഷണഭിത്തി നിര്‍മാണം യാഥാര്‍ത്ഥ്യമായത്. എന്നാല്‍ നിര്‍മാണത്തിലെ ക്രമക്കേടുമൂലം സംരക്ഷണഭിത്തി കാട്ടാന തകര്‍ത്തതോടെ കര്‍ഷകര്‍ വീണ്ടും കാട്ടാന ഭീഷണിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: