തിരുവല്ല: രണ്ടുകോടിയോളം രൂപ ചെലവഴിച്ചു ടികെ റോഡ് വികസനത്തിന്റെ പേരില്‍ മണ്ണിട്ടുയര്‍ത്തിയെടുത്ത സ്ഥലം സിമന്റ് ലോറികളുടെ പാര്‍ക്കിംഗ് കേന്ദ്രമായി. കവിയൂര്‍ പഞ്ചായത്തിലെ കറ്റോട് മുതല്‍ തോട്ടഭാഗം വരെയുള്ള ടികെ റോഡിന്റെ തെക്ക് ഭാഗത്തുള്ള ഏക്കര്‍ കണക്കിന് ഭൂമിയാണ് അന്യാധീനപ്പെടുന്നത്. റോഡിന്റെ സമാന്തരമായി പതിറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന പടുകുഴികള്‍ അടുത്തകാലത്ത് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ബജറ്റ് തുക ചെലവഴിച്ച് നികത്തിയെടുത്തിരുന്നു. പത്ത് മീറ്ററിലധികം താഴ്ചയും 20മീറ്ററോളം വീതിയിലും ഒരു കിലോമീറ്ററോളം നീളത്തിലുമുള്ള കുഴികള്‍ മണ്ണിട്ടു നികത്തിയെടുത്തതോടെ യാത്രക്കാരും നാട്ടുകാരും ഏറെ സന്തോഷിച്ചു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടതോടെ സ്ഥിതിയാകെ മാറി. പലഭാഗത്തും സിമന്റുമായി എത്തുന്ന പാണ്ടി ലോറികള്‍ സ്ഥാനം പിടിച്ചു. പ്രദേശത്ത് സംഘം ചേര്‍ന്ന് മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും തുടങ്ങി. രാത്രികാലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താനും ചിലര്‍ ഈ സ്ഥലം ഉപയോഗിക്കുന്നു. ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ചിലര്‍ വാഹനങ്ങളിലെത്തി ഇവിടെ മാലിന്യം തള്ളാനും തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ലോഡ് മണ്ണിറക്കി നികത്തിയെടുത്ത പലഭാഗങ്ങളും പാണ്ടി ലോറികള്‍ താവളമാക്കിയതോടെ വീണ്ടും കുഴിയായി ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തെ ഇടവഴിയിലേക്കും വീടുകളിലേക്കും പോകാന്‍പോലും ഇപ്പോള്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്. പരാതികള്‍ നല്‍കിയതോടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് മാത്രം സ്ഥാപിച്ച് പൊതുമരാമത്ത് അധികൃതര്‍ തലയൂരി. പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്നതിനും ശബരിമല തീര്‍ത്ഥാടന സൗകര്യം ഒരുക്കാനും താഴ്ന്നുകിടന്ന ടികെ റോഡ് ഉയര്‍ത്താനുമായി സമീപത്തെ ഭൂവുടമകളില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് പൊന്നുംവിലയ്ക്കെടുത്ത ഭൂമിയാണ് ഇപ്പോള്‍ നാശോന്മുഖമാകുന്നത്. ടികെ റോഡിന്റെ ഭാഗമായ കുഴികള്‍ നികത്തിയെടുക്കാന്‍ അന്നത്തെ പഞ്ചായത്ത് അധികൃതര്‍ കാണിച്ച താല്‍പ്പര്യം ഇപ്പോള്‍ കാണുന്നില്ല. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ദിവസേന കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ സ്ഥലം ഭാവനാപരമായി ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്കും സാധിക്കും. ഇരവിപേരൂരിലും കോട്ടയത്തെ തിരുവഞ്ചൂരിലും പഞ്ചായത്ത് അധികൃതര്‍ റോഡരുകിലെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തിയതും മാതൃകയാക്കാം. കുടുംബശ്രീ മുഖേന പദ്ധതികള്‍ ആവിഷ്ക്കരിച്ചാലും വരുമാനത്തിനൊപ്പം സ്ഥലം മനോഹരമാക്കി സംരക്ഷിക്കാനും സാധിക്കും. ഒന്നര വര്‍ഷം മുമ്പ് ഇവിടെ കാര്‍ണിവല്‍ നടത്തിയപ്പോള്‍ സ്ഥലത്തിന്റെ ലേലം വകയില്‍ ഒന്നരലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കിട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: