വടക്കാഞ്ചേരി: നഗരസഭാപരിധിയിലെ മിക്കഭാഗങ്ങളിലും മാലിന്യം കുന്നുകൂടുന്നു. ഇവ നിര്‍മാര്‍ജ്ജനം ചെയ്യുന്നില്ലെന്ന് മാത്രമല്ല രൂക്ഷഗന്ധം വമിച്ച് ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം മാത്രമാണെടുക്കുന്നത്. മറ്റുള്ളവ നീക്കം ചെയ്യുന്നതിനോ അനധികൃത മാലിന്യനിക്ഷേപം തടയുന്നതിനോ നഗരസഭ യാതൊരു നടപടിയും എടുക്കുന്നില്ല. റെയില്‍വേ സ്റ്റേഷന് പരിസരത്താകട്ടെ മാലിന്യനിക്ഷേപത്താല്‍ മറ്റൊരു ലാലൂര്‍ രൂപംകൊള്ളുകയാണ്. സംസ്ഥാനപാതയിലെ ജനവാസമേഖലയിലാണ് മാലിന്യം നിക്ഷേപിക്കപ്പെടുന്നത്. പ്ലാസ്റ്റിക് കവറുകളാണ് മിക്കയിടത്തും. ഇവയ്ക്കകത്ത് പലതരത്തിലുള്ള ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യവുമാണ് കൂട്ടത്തോടെ കൊണ്ടുവന്നിടുന്നത്. രാത്രികാലങ്ങളില്‍ കത്തിക്കാറുള്ളത് ഗുരുതരമായ അന്തരീക്ഷമലിനീകരണത്തിനും വഴിവെക്കുന്നു. മാലിന്യനിര്‍മാര്‍ജ്ജനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ വാക്കുനല്കുന്നുവെന്നല്ലാതെ അത് പാലിക്കുന്നതിന് യാതൊരു നടപടിയും എടുക്കുന്നില്ല. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നഗരസഭ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: