തിരൂര്‍: സിപിഎം-ലീഗ് സംഘര്‍ഷം രൂക്ഷമായ ഉണ്യാലിലെ ജനങ്ങള്‍ക്ക് സമാധാനം നിഷേധിച്ച് ലീഗ് നേതാക്കള്‍. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി.
താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന് ആക്ഷേപിച്ചെയന്ന മുടന്തന്‍ ന്യായമാണ് ലീഗ് ഇതിനായി പറയുന്നത്. എന്നാല്‍ ഉണ്യാലിലെ സംഘര്‍ഷ സ്ഥലത്തെത്തിയ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാരെ കല്ലെറിഞ്ഞത് ലീഗ് പ്രവര്‍ത്തകരായിരുന്നു. ഇത് യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ലീഗ് ഭയന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ സീറ്റ് ലീഗിന് നഷ്ടപ്പെട്ടതല്ലെന്നും സിപിഎമ്മും ലീഗും തമ്മിലുള്ള ഒത്തുകളിയാണെന്നും നേരത്തെ വ്യക്തമായിരുന്നു. പക്ഷേ ഈ സത്യം സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കോ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുറഹിമാന് രണ്ടത്താണിക്കോ അറിയില്ലായിരുന്നു.
ലീഗിന്റെയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ സൗഹൃദത്തിലാണ്. പക്ഷേ പ്രവര്‍ത്തകര്‍ നിരന്തരം ഏറ്റുമുട്ടുന്നു. ഉണ്യാലിലെ അക്രമങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത് മുന്‍ എംഎല്‍എ അബ്ദുറഹ്മാന് രണ്ടത്താണിയാണ്.
ഈ കാര്യം കൃത്യമായി അറിയാവുന്ന സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം സര്‍വകക്ഷിയോഗത്തില്‍ രണ്ടത്താണിയെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ലീഗിന്റെ പ്രതിനിധികളെല്ലാം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍വകക്ഷിയോഗം നടക്കരുതെന്ന് തന്നെയായിരുന്നു ഇരുകൂട്ടരുടെയും ആഗ്രഹം. ഇതൊന്നും അറിയാതെ ജില്ലാ ഭരണകൂടം അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
താനൂര്‍ എംഎല്‍എ യോഗം കലക്കിയെന്ന് ലീഗ് പ്രചരിപ്പിച്ചു.
സിപിഎം സീറ്റില്‍ മത്സരിച്ച് ജയിച്ച വ്യവസായികളായ എംഎല്‍എമാരെ കൊണ്ട് പാര്‍ട്ടി തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് നിലമ്പൂര്‍, താനൂര്‍ എംഎല്‍എമാര്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഇവരെ ഒതുക്കുകയെന്ന തന്ത്രവും സിപിഎം നടപ്പാക്കുന്നത് ലീഗിലൂടെയാണ്.
കഴിഞ്ഞ ദിവസം ഉണ്യാലിലെ സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയോടും ഇ.ടി.മുഹമ്മദ് ബഷീറിനോടും നാട്ടുകാര്‍ തട്ടിക്കയറിയിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ സംഘടിച്ചെത്തി ലീഗിന് എംപിയും എംഎല്‍എയും ഉണ്ടെങ്കില്‍ അതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് ഗുണമെന്ന് ചോദിച്ച് ബഹളമുണ്ടാക്കി.
ചില വീടുകള്‍ മാത്രം സന്ദര്‍ശിച്ച് തടിതപ്പാനൊരുങ്ങിയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. അതോടെ കുഞ്ഞാലിക്കുട്ടി രോക്ഷാകുലനായി. എല്ലാവരുടെയും വീട് കയറിയിറങ്ങാന്‍ പറ്റില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അതോടെ നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല, അധികം വൈകാതെ മുസ്ലീം ലീഗ് വിടുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: