കുറ്റിപ്പുറം: പകര്‍ച്ചവ്യാധികള്‍ മൂന്ന് ജീവനുകള്‍ നഷ്ടപ്പെടുത്തിയിട്ടും കുറ്റിപ്പുറം പഠിച്ചില്ല. ഇപ്പോഴും പഴയ സ്ഥിതി തന്നെ തുടരുകയാണ്. നഗരത്തിലെ അഴുക്കുചാലുകള്‍ ഭാരതപ്പുഴയിലേക്കാണ് ഒഴുകുന്നത്. നിരവധി ജലസേചന പദ്ധതികളുള്ള ഭാരതപ്പുഴ മലിനമയമാണ്.
നഗരത്തിലെ മുഴുവന്‍ മാലിന്യവും പേറാനാണ് ഭാരതപ്പുഴയുടെ വിധി. കോളറ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ നേരിട്ടെത്തി അവലോകനയോഗമെന്ന പ്രഹസനം നടത്തിയതല്ലാതെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മാലിന്യ സംസ്കരണത്തിന് എത്രയും വേഗം നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ ആരോഗ്യം സ്ംരക്ഷിക്കുമെന്നും അന്ന് കുറ്റിപ്പുറം നിവാസികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയതാണ്. പക്ഷേ അത് വെറും വാക്കായി മാറി. ഭാരതപ്പുഴയെ സംരക്ഷിക്കേണ്ടത് ഇന്നിന്റെയും നാളെയുടെയും ആവശ്യമാണെന്ന സത്യം അധികാരികള്‍ തിരിച്ചറിയുന്നില്ല.
നഗരം വൃത്തിയാക്കുന്ന ജോലി ഗ്രാമപഞ്ചായത്തിനെങ്കിലും ചെയ്യാവുന്നതാണ്. പക്ഷേ ഫണ്ടില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് അവരും ഒളിച്ചോടുന്നു. ബിജെപിയും യുവമോര്‍ച്ചയും അടക്കമുള്ള സംഘടനകള്‍ നിരവധി തവണ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. പക്ഷേ ഒരു സര്‍വ്വകക്ഷിയോഗം വിളിച്ച് എല്ലാവരുടെയും സഹകരണത്തോടെ നഗരത്തെ മാലിന്യമുക്താമാക്കാന് പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് ഭരണകര്‍ത്താക്കള്‍ നല്‍കുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണമോ രോഗ പ്രതിരോധ നടപടികളോ കുറ്റിപ്പുറം പഞ്ചായത്തില്‍ കൃത്യസമയത്ത് നടക്കാറില്ല. ജനക്ഷേമമാണ് പ്രധാനമെന്ന് അവകാശപ്പെടുന്ന പഞ്ചായത്ത് ഭരണസമിതിയും ജനങ്ങള്‍ മരിച്ചുവീഴുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്.
കോളറ പടര്‍ന്ന് പിടിച്ചപ്പോള്‍ വെറുതെ ജനങ്ങളെ ബോധിപ്പിക്കാന്‍ ചില ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നല്ലാതെ മറ്റൊന്നും ചെയ്തട്ടില്ല. ബസ് സ്റ്റാന്‍ഡ് ആണ് ഏറ്റവും വൃത്തിഹീനമായ സ്ഥലം. മൂക്കുപൊത്താതെ ഇതിലെ ആര്‍ക്കും നടക്കാനാവില്ല. ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പുഴവെള്ളമാണ്. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും വെറും കല്പ്രതിമകളായി നില്ക്കുന്ന കാലത്തോളം ദുരിതം അനുഭവിക്കാനാണ് ജനങ്ങളുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: