കാസര്‍കോട്: കുറ്റിക്കോലില്‍ സിപിഎമ്മിനകത്ത് രൂപം കൊണ്ട വിഭാഗീയത കെട്ടടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ നടന്ന പി.കൃഷ്ണപിള്ള ചരമദിനാചരണം. പാര്‍ട്ടി രീതി പ്രകാരം കാലാകാലങ്ങളായി കുറ്റിക്കോല്‍ ടൗണില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പതാക ഉയര്‍ത്താറ് ഏരിയ സെക്രട്ടറിയാണ്. എന്നാല്‍ കുറ്റിക്കോല്‍ ടൗണില്‍ നടന്ന പരിപാടിയില്‍ ഏരിയാ സെക്രട്ടറിയെത്തും മുമ്പ് ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി നേതൃത്വം തയ്യാറാക്കിയ കൊടി മരത്തില്‍ പതാക ഉയര്‍ത്തിയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. പി.ഗോപാലന് മാസ്റ്ററും സംഘവും സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതിന്റെ അലയൊലികള്‍ കെട്ട് അടങ്ങുന്നതിന് മുമ്പാണ് ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ച ഈ സംഭവം. പതാക ഉയര്‍ത്തുന്നത് ലോക്കല്‍ സെക്രട്ടറി ചോദ്യം ചെയ്തതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. മുന്‍കാലങ്ങളില്‍ ലോക്കല്‍ കമ്മറ്റി ഭാരവാഹികളും സമീപ പ്രദേശങ്ങളിലെ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും പ്രകടനമായി വന്നാണ് കുറ്റിക്കോല്‍ ടൗണില്‍ കൃഷ്ണപിള്ള ദിനത്തില്‍ പതാക ഉയര്‍ത്തി വന്നിരുന്നത്. എന്നാല്‍ ഇത്തവണ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് പ്രകടനം വേണ്ടെന്നു വെക്കുകയും രാവിലെ തന്നെ ഒമ്പത് ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുകയുമായിരുന്നു.
ലോക്കല്‍ കമ്മറ്റി അംഗങ്ങളും മറ്റുമെത്തിയപ്പോഴേക്കും കൊടി മരത്തില്‍ പതാക പാറിപ്പറക്കുന്നത് കണ്ട് ബ്രാഞ്ച് കമ്മറ്റി അംഗങ്ങളോട് ലോക്കല്‍ ഭാരവാഹികള്‍ കയര്‍ക്കുകയായിരുന്നു. തങ്ങളെത്തുന്നതിന് മുമ്പ് പതാകയുയര്‍ത്തിയതിനെ ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. കൃഷ്ണപ്പിള്ള ദിനാചരണത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ ടൗണിലാണ് സിപിഎം പതാക ഉയര്‍ത്താറുള്ളത്. ഞെരു, നെല്ലിത്താവ്, കുറ്റിക്കോല്‍, കളക്കര, അത്തിയടുക്കം ബ്രാഞ്ചുകളില്‍ അതിരാവിലെ പതാക ഉയര്‍ത്തിയ ശേഷം ചെറുപ്രകടനങ്ങളായി കുറ്റിക്കോല്‍ ടൗണിലെത്തിയാണ് പതാക ഉയര്‍ത്താറുള്ളത്. പതിവു പോലെ കൃഷ്ണപ്പിള്ള ദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഇക്കുറിയും നടത്തിയിരുന്നു. സാധാരണ 7.15ന് ആണ് പതാക ഉയര്‍ത്തുക. എന്നാല്‍ ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനമായിയെത്തുന്നതിനു മുമ്പു തന്നെ കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പ്രവര്ത്തകന് ടി.പൊക്കന്‍ 6.15ന് തന്നെ പതാക ഉയര്‍ത്തുകയായിരുന്നു. ലോക്കല്‍ ഭാരവാഹിയായ ഒരാള്‍ നോക്കിനില്‍ക്കുന്നതിനിടയിലായിരുന്നു പതാക ഉയര്‍ത്തല്‍. കളക്കര, അത്തിയടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനത്തിലോ, പതാക ഉയര്‍ത്തല്‍ ചടങ്ങിലോ പങ്കെടുക്കാതെ മാറി നിന്നുവെന്നതും ശ്രദ്ധേയമാണ്. 2014ല്‍ കൃഷ്ണപിള്ളാദിനം വെവ്വേറെയാണ് വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും ആചരിച്ചത്.
കുറ്റിക്കോല്‍ ബ്രാഞ്ച് കമ്മറ്റിയില്‍ 16 മെമ്പര്‍മാരാണ് ഉള്ളത്. ഇതില്‍ രണ്ട് പേര് സ്ത്രീകളാണ്. രണ്ട് പേരെത്തിയില്ല. മറ്റുരണ്ട് പേര് കഴിഞ്ഞ ദിവസം സിപിഐയിലേക്ക് ചേര്‍ന്നവരാണ്. ഒമ്പത് അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടനം വേണ്ടെന്നു വെച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നത്. ബേഡകത്തെ സിപിഎം വിഭാഗിയതയില്‍ നിഷ്പക്ഷമായി നില്ക്കുന്ന ബ്രാഞ്ച് കമ്മറ്റിയാണ് കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് കമ്മറ്റി. പി ഗോപാലന് മാസ്റ്റര്‍ക്കെതിരെയുള്ള പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ട് മരവിപ്പിക്കണമെന്ന നിലപാടെടുത്ത കമ്മറ്റിയാണ് ഇത്. ഇല്ലെങ്കില്‍ തങ്ങള്‍ സ്വന്തം നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുമെന്ന നിലപാടും കമ്മറ്റിയെടുത്തിരുന്നു. ഗോപാലന് മാസ്റ്റര്‍ക്കെതിരെ നടപടിയെടുക്കുകയും പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ സിപിഐയില്‍ ചേര്‍ന്നതും കണക്കിലെടുത്താണ് ടൗണ്‍ ബ്രാഞ്ച് കമ്മറ്റി സ്വന്തം നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഏരിയാ സെക്രട്ടറി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുമ്പോള്‍ ബ്രാഞ്ച് കമ്മറ്റിക്കും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയുമെന്നും അതിനാലാണ് പ്രകടനം വേണ്ടെന്നുവെച്ച് കൃഷ്ണപിള്ളാ ദിനത്തില്‍ പതാക ഉയര്‍ത്തിയതെന്ന് ബ്രാഞ്ച് സെക്രട്ടറി ബി അമ്പു പരസ്യമായി പറയുകയും ചെയ്തു. പാര്‍ട്ടിക്കെതിരെ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാഞ്ച് കമ്മറ്റിയുടെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ പുതിയ കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്തുകയും കൃഷ്ണപിള്ള ദിനാചരണം നടത്തുകയും ചെയ്തു. സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്ത സംഭവങ്ങള്‍ക്കാണ് കുറ്റിക്കോല്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. പി.ഗോപാലന് മാസ്റ്ററോട് അനുഭാവമുള്ള ഒരു സംഘമാണ് പതാക ഉയര്‍ത്തിയതെന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: