മണ്ണാര്‍ക്കാട്: ദേശീയ പാതയില്‍ പോലിസിന്റെ വാഹന പരിശോധന കണ്ട് തിരിഞ്ഞ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മക്കും മകനും പരിക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ കുമരംപുത്തൂര്‍ പള്ളിക്കുന്ന് വിസപ്പടി കക്കാടന്‍ റഷീദിന്റെ ഭാര്യ റംല (55), മകന് ഉവൈസ് (26) എന്നിവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോലിസ് വാഹനങ്ങള്‍ പരിശോധിക്കുന്നതു കണ്ട് ബൈക്ക് തിരിച്ചപ്പോള്‍ പുറകില്‍ വന്ന കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പോലിസ് വാഹനത്തില്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയത്.
കല്ലടി സ്കൂളിന് സമീപത്തെ വാഹന പരിശോധന അപകടം ഉണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. വളവായതിനാല്‍ പെട്ടെന്ന് പോലിസ് വാഹനം കാണുന്നത് അപകടം ക്ഷണിച്ചു വരുത്തുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ മേഖലയിലെ പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹുസൈന് കോളശ്ശേരി, എസ് ഐ നൂര്‍ മുഹമ്മദ് തുടങ്ങിയവര്‍ ഇടപെട്ട് ഇവിടെ നടതതുന്ന വാഹന പരിശോധന അവസാനിപ്പിക്കാമെന്ന ഉറപ്പിലാണ് ഉപരോധക്കാര്‍ പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: