ദേഹക്കൂടിലെ നേര്‍ത്ത
ശ്വാസനിശ്വാസങ്ങള്‍
ഇന്നേക്കുതീരുമോ അതോ
നാളെകളിലേക്ക് നീളുമോ എന്ന
കടുത്ത സന്നിഗ്ദ്ധതയും,
ഊര്ദ്ധ്വംവലിക്കുന്ന പകലിന്റെ
രക്തവര്ണ്ണംമാഞ്ഞമുഖത്തേക്ക്
അലസം മുടിചിക്കിയിടുന്ന
സന്ധ്യയുടെ നിഗൂഢതയും,
ധമനികളെപ്പോലും മരവിപ്പിക്കുന്ന
കൊടുംതണുപ്പും,പിന്നെ-
ഘനീഭവിച്ച മൗനവുമാണ്,
ഔഷധഗന്ധംതിങ്ങിയ
ചില്ലുജാലക മുറിക്കുള്ളിലെപ്പോഴും
അബോധത്തിനും ബോധത്തിനുമിടയിലെ
നേര്ത്തമഞ്ഞുപാളികള്ക്കിടയിലായ്
മെല്ലെതെളിയുന്ന നിഴല്പടങ്ങളില്
താളച്ചുവടോടെ ഭ്രമകല്‍പ്പനകളും
ഭൂതകാല തിരു-ശേഷിപ്പുകളും വരാം
ഓണവും പിറന്നാളും പിന്നെ-
രാപകലുകളുംവന്നുപോകുന്നതറിയാത്ത
കൃത്രിമസ്പന്ദമാപിനികള് മിടിക്കുന്നമുറിയുടെ
കിളിവാതില്പ്പഴുതിലൂടിടയ്ക്കൊക്കെ
തെളിഞ്ഞോ പാളിയോ വീഴുന്ന നോട്ടങ്ങളില്‍
ഉദ്വേഗം,ദൈന്യം അല്ലെങ്കില്‍
കണ്ണീരിന്റെ തിളക്കവും
ദിനരാത്രങ്ങള്‍നീണ്ട പരീക്ഷണങ്ങള്‍,
രക്തത്തിലേക്കലിഞ്ഞ എത്രയോമരുന്നുകള്
പറക്കാനൊരുങ്ങി ചിറകുവെച്ചജീവനെ ഒടുവില്‍
തിരികെപിടിച്ച ആശ്വാസ നിര്‍വൃതിയോടെ
ഇടനാഴിയിലേക്ക് പതിയെയിറങ്ങുമ്പോള്
അഹന്തയുടെ പടികളെല്ലാമിറങ്ങിയതായി
ഉള്ളിന്റെയുള്ളില്‍ തിരിച്ചറിയുന്നു.
നീ ഞാനാണെന്നും..ഐസിയു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: