പെരിന്തല്‍മണ്ണ: പള്ളികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണുകളും പണമടങ്ങിയ ബാഗുകളും മോഷ്ടിക്കുന്ന യുവാവ് പിടിയിലായി. പൊന്നാനി മരക്കടവ് ആശുപത്രി റോഡില്‍ പുത്തന്‍പുരയില്‍ അഷ്റഫിനെ(35)യാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിസ്കരിക്കാനെത്തുന്നവര്‍ പള്ളിക്കകത്തു വെക്കുന്ന പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുകയാണു പതിവ്. ജൂലൈ 22ന് യുകെ പടിയിലുള്ള പള്ളിയില്‍വച്ച് മൊബൈല്‍ ഫോണ്‍ കളവുപോയെന്ന ആനക്കയം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവു പിടിയിലാകുന്നത്. അസര്‍, മഗ്രിബ് പ്രാര്‍ത്ഥനാ സമയങ്ങളിലാണ് പ്രതി മോഷണത്തിനായി പള്ളികളുടെ പരിസരങ്ങളിലെത്തുക. ബൈക്കില്‍ ചുറ്റിക്കറങ്ങിയാണ് ഓരോ സ്ഥലങ്ങളും നിരീക്ഷിച്ചു കളവു നടത്തുന്നത്. പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് തിരൂരില്‍ നിന്നു മോഷ്ടിച്ചതാണെന്നു പൊലീസ് കണ്ടെത്തി. തിരൂരിലെ വെട്ടത്തുനിന്നു മോഷ്ടിച്ച മറ്റൊരു ബൈക്ക് ഇവിടെ നിര്‍ത്തിയിട്ടാണ് ഈ ബൈക്ക് കളവു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: