കൊച്ചി: മദര്‍ തെരേസയില്‍ പ്രേത ഉച്ചാടനം നടത്തിയ ഫാ. റൊസാരിയോ സ്‌ട്രോഷ്യോയെപ്പോലുള്ളവര്‍ കേരള കത്തോലിക്കാ സഭയിലുമുണ്ടെങ്കിലും, സഭ, അവരെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. എന്നാല്‍, വത്തിക്കാന് ഒരു ഔദ്യോഗിക ക്ഷുദ്രോച്ചാടകനുണ്ട്-റോം രൂപതയിലെ ഗബ്രിയേല്‍ അമോര്‍ത്. അതുകൊണ്ട്, കേരള സഭ അംഗീകരിച്ചാലും ഇല്ലെങ്കിലും, വത്തിക്കാന്‍ ഉച്ചാടനത്തെ നിരാകരിക്കുന്നില്ല.
ഒരു വ്യാഴവട്ടം മുന്‍പ്, കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ ഒരു സ്ത്രീയെ ‘ദത്തെടുത്ത്’ അവരുടെ രക്തം ഉപയോഗിച്ച് കറുത്ത കുര്‍ബാന നടത്തിയപ്പോള്‍, ആ ഉച്ചാടകനെ സഭ നീക്കം ചെയ്തിരുന്നു. ദത്തെടുക്കാന്‍ കാനോനിക നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞാണ്, വത്തിക്കാന്‍ അന്നു തട്ടുങ്കലിനെ നീക്കിയത്. ബിഷപ്പ് യുവതിയെ കൂടെ വച്ചത്, രഹസ്യവിവാഹത്തിനാണെന്ന് അല്‍മായര്‍ ആരോപിച്ചിരുന്നു.
ഏതാനും വര്‍ഷം മുന്‍പ് മരിച്ച ഫാ. ജിയോ കപ്പലുമാക്കല്‍ ആണ്, കേരള സഭയില്‍, കടമറ്റത്തു കത്തനാരെ വെല്ലുന്ന ഉച്ചാടനങ്ങള്‍ നടത്തിയത്. ഒരിക്കല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കപ്പലുമാക്കല്‍ അടിയേറ്റ് വീണ് കാലിന് സ്വാധീനം പോയപ്പോള്‍, അടിച്ചതു ചെകുത്താനാണെന്നു പ്രചരിച്ചിരുന്നു.
”ചെകുത്താന്‍ മണ്ണാങ്കട്ടയാണ്, താന്‍ കണ്ടിട്ടില്ല എന്നാണ് കപ്പലുമാക്കല്‍ എന്നോടു പറഞ്ഞത്; 40 വര്‍ഷമായി ഞാന്‍ അച്ചനായിട്ട്-ഞാനിതുവരെ ചെകുത്താനെ കണ്ടിട്ടില്ല”, ‘സത്യദീപ’ത്തിന്റെ പത്രാധിപര്‍ ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.
ഇപ്പോള്‍, പോട്ട, ചിറ്റൂര്‍ തുടങ്ങിയ ധ്യാനകേന്ദ്രങ്ങളിലും, മഞ്ഞുമ്മലിലെ കര്‍മലീത്താ സന്യാസസമൂഹത്തിലും (ഒസിഡി) ഉച്ചാടനങ്ങള്‍ നടക്കുന്നുണ്ട്. സഭ ഔദ്യോഗികമായി ഉച്ചാടനത്തെ അംഗീകരിക്കുന്നില്ലെങ്കിലും, സാത്താന്‍ ഇല്ല എന്ന് അസന്ദിഗ്ധമായി പറഞ്ഞില്ല. ഈ സാഹചര്യം കച്ചവടമാക്കുകയാണ്, പല കേന്ദ്രങ്ങളും ചെയ്തുവരുന്നത്.
ജീവിതപ്രയാസങ്ങളുണ്ടാകുമ്പോള്‍, അതിനെ മനഃശാസ്ത്രപരമായി നേരിടാനാണ് സഭ പഠിപ്പിക്കുന്നത്. അതേസമയം, സാത്താന്റെ അസ്തിത്വത്തെപ്പറ്റി സഭ, സംശയം നിലനിര്‍ത്തുകയും ചെയ്യുന്നു. ഉച്ചാടനം നടത്തുന്നവരെ സഭ, ആശങ്കയോടെയാണു കാണുന്നത്. ഇടുക്കിയില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ എന്ന പേരില്‍ ഒരു കൂട്ടം അല്‍മായര്‍ ഉച്ചാടനത്തിനിറങ്ങിയപ്പോള്‍, സഭ, സമീപകാലത്ത് അവരെ പുറത്താക്കുകയുണ്ടായി.
മദര്‍ തെരേസ എഴുതിയ ജീവിതാനുഭവങ്ങളിലും ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ അനുഭവങ്ങളിലും, ആത്മാവിന്റെ ഇരുണ്ട രാത്രികളെ പരാമര്‍ശിക്കുന്നു. ദൈവമുണ്ടോ എന്നുപോലും ഒരു ഘട്ടത്തില്‍ ശങ്കിച്ചയാളായിരുന്നു, മദര്‍.
ഗതികെട്ട ആത്മാവായി അലഞ്ഞയാളായിരുന്നു, ‘മഹാഭാരത’ത്തിലെ അശ്വത്ഥാമാവ്. അങ്ങനെ ഒരാള്‍ എല്ലാവരിലുമുണ്ടെന്നു സഭ കരുതുന്നു. പക്ഷേ, യുക്തികൊണ്ട് ഈ സ്വത്വ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുന്നത് അപകടമാണെന്നു സഭ തിരിച്ചറിയുന്നുമുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍, സ്‌പെയിനില്‍ ജനിച്ച ഫ്രാന്‍സിസ്‌കന്‍ കന്യാസ്ത്രീ, കുരിശിന്റെ മഗ്ദലന എന്നറിയപ്പെട്ട സിസ്റ്റര്‍ മഗ്ദലനയില്‍, കൊര്‍ദോവയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ ഉച്ചാടനം നടത്തി, രണ്ടു ചെകുത്താന്‍മാരെ പുറത്താക്കിയതായി, കഥയുണ്ട്. 1560 ല്‍ 74-ാം വയസ്സില്‍, അവര്‍ മരിച്ചു.
ഈ ചെകുത്താന്മാരുടെ ലോകം!
ആയിരക്കണക്കിനാളുകളില്‍നിന്നു പിശാചുക്കളെ പുറത്താക്കിയ ആളായാണ്, വത്തിക്കാന്റെ ഔദ്യോഗിക മന്ത്രവാദി ഗബ്രിയേല്‍ അമോര്‍ത്(91) അറിയപ്പെടുന്നത്. 1954 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1986 ജൂണിലാണ് ഔദ്യോഗിക ഉച്ചാടകനായത്. കാന്‍ഡിഡോ അമാന്റിനിയായിരുന്നു, ഗുരു. സൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്യാസമൂഹത്തില്‍ അംഗം. 1990 ല്‍ ഉച്ചാടകരുടെ രാജ്യാന്തര സംഘടനയുണ്ടാക്കി. അദ്ദേഹത്തിന്റെ ഇഷ്ട സിനിമയാണ്, ‘ദ എക്‌സോര്‍സിസ്റ്റ്.’ രണ്ടുലക്ഷത്തോളം പിശാചുക്കളെ ഇതുവരെ ഉച്ചാടനം ചെയ്തു. യോഗ, ചെകുത്താന്റെ മാര്‍ഗമാണെന്ന വിചിത്രമായ അഭിപ്രായം, അദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: