പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല നിറപുത്തരി ചടങ്ങിനുള്ള നെല്ക്കതിര് അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പത്തനംതിട്ടയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് രാവിലെ 5.45നും 6.15നുമിടയിലാണ് നിറപുത്തരിച്ചടങ്ങ്. ഇതാദ്യമായാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം വക പാടത്തു നിന്ന് നെല്‍ക്കതിരുകള്‍ നിറപുത്തരിക്കായി സന്നിധാനത്ത് എത്തിക്കുന്നത്.
നാളെ പുലര്‍ച്ചെ അഞ്ചിന് അച്ചന്‍കോവിലില്‍ നിന്ന് നെല്‍ക്കതിരുമായി അലങ്കരിച്ച വാഹനം പഞ്ചവാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെടും. കോട്ടവാസല്‍ ക്ഷേത്രം, ആര്യങ്കാവ് , പുനലൂര്‍ പുതിയിടം, നെല്ലിപ്പള്ളി, പുന്നല, കണ്ണങ്കര, പത്തനാപുരം കവല, കലഞ്ഞൂര്‍, പത്തനംതിട്ട ശാസ്താ ക്ഷേത്രം, ഊരമ്മന്‍, വടശേരിക്കര പ്രയാര്‍, മാടമണ്‍ ക്ഷേത്രം, റാന്നി പെരിനാട് , നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ നിറപുത്തരി ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. ഉച്ചയ്ക്ക് മൂന്നിന് പമ്പയില്‍ എത്തിച്ചേരും. സ്വാമിമാര്‍ തലച്ചുമടായി കതിര് സന്നിധാനത്തേയ്ക്ക് കൊണ്ടു പോകും.
നിറപുത്തരി ചടങ്ങുകള്‍ക്ക് നാളെ വൈകിട്ട് 5ന് നട തുറക്കും.
ശബരിമലയിലെ നിര്‍മാണങ്ങള്‍ക്ക് ആവശ്യമായസാധന സാമഗ്രികള്‍ സന്നിധാനത്തേയ്ക്ക് കൊണ്ടു പോകുന്നത് തടയപ്പെട്ടപ്പോള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് ദിവസങ്ങള്‍ നീണ്ടു പോയതിന്റെ കാരണമെന്തെന്നറിയില്ല.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങള്‍ അരുത് എന്ന് 1999ല്‍ കേരള ഹൈക്കോടതിയുടെ ഡിവിഷണന് ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. അതുപ്രകാരം കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുവാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ട്.അതുകൊണ്ടാണ് ഈകാര്യത്തിലും ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്നം ലേബര്‍ ഓഫീസില്‍ പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ശബരിമലയില്‍ വെടിവഴിപാടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ല. ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥലവും വനഭൂമിയും അളന്ന് തിരിച്ച് ബൗണ്ടറി തീരുമാനിക്കണമെന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ശബരിമല മുന്നൊരുക്ക യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതാണ്. മന്ത്രി അതിന് ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
മാലിന്യ സംസ്കരണ പ്ലാന്റ് അടുത്ത തീര്‍ത്ഥാടനക്കാലത്തിന് മുന്‍പ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കണം എന്നു തന്നെയാണ് ബോര്‍ഡിന്റെയും ഭക്തരുടെയും ആഗ്രഹം. ഇതിനായി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നല്കാന് ഒരുകോടി ഒപ്പ് ശേഖരിക്കും. അയ്യപ്പ ജ്യോതിയുമായി പ്രാചീന കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്നാണ് ഒപ്പു ശേഖരണം തുടങ്ങുന്നത്.
ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാല തുടങ്ങും. വേദം, സംസ്കൃതം, ഹിന്ദുമത ഗ്രന്ഥങ്ങള്‍ തുടങ്ങിയ പഠിപ്പിക്കും.മികച്ച മതപാഠശാലകള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കും. മതപാഠശാലകളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഗ്രന്ഥങ്ങള്‍ വിലക്കിഴിവില്‍ കൊടുക്കും. രാമായണ മാസാചരണത്തിനോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ മത്സരം സംഘടിപ്പിക്കും. മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ചീഫ് എഞ്ചിനിയര്‍ മുരളീകൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: