പാലക്കാട്: നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലിപിടുത്തവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉടമസ്ഥര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇന്നു ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് പറഞ്ഞു. യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കാലിപിടുത്തം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അന്തിമതീരുമാനം കൗണ്‍സില്‍ ആണ് തീരുമാനിക്കേണ്ടതെന്നും അധ്യക്ഷത വഹിച്ച പ്രമീള ശശിധരന് പറഞ്ഞു. റോഡിലും വാഹനയാത്രകാര്‍ക്കും ജീവനുഭീഷണിയാവുന്ന കാലികളെ മാത്രമാണ് പിടിച്ചുകെട്ടുന്നത്. കന്നുകാലികളെ വളര്‍ത്തുന്നതിന് നഗരസഭ ഒരിക്കലും എതിരല്ലെന്നും വ്യക്തമാക്കി. പശുക്കളോടൊപ്പം ഉടമസ്ഥരുണ്ടെങ്കില്‍ അവയെ പിടിച്ചുകെട്ടില്ല. വീടിനു മുന്നില്‍ നിന്ന് കാലികളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന് ഉടമസ്ഥര്‍ പരാതിപ്പെട്ടു. ഇത് പരിശോധിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു. കാലികളെ പിടിക്കുമ്പോള്‍ സുതാര്യത ഉറപ്പാക്കുവാന്‍ ഫോട്ടോ എടുക്കുവാന്‍ നിര്‍ദ്ദേശം നല്കി.5000 രൂപ പിഴയും 500 രൂപചിലവ് ഇനത്തിലും ഈടാക്കുന്നത് കുറക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. കന്നുകാലികള്‍ക്ക് ഉടമസ്ഥരുടെ പേരുവിവരങ്ങള്‍ വച്ചുള്ള ചിപ്പ് ഘടിപ്പിക്കണം, ഒഴിഞ്ഞസ്ഥലങ്ങള്‍ മേച്ചില്‍പ്പുറങ്ങള്‍ ആക്കുക, തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുക, ഉപജീവനമായി കന്നുകാലികളെ വളര്‍ത്തുന്ന കന്നുകാലികളെ മറ്റുമാര്ഗ്ഗങ്ങള് ഉപയോഗിച്ച് കീഴ്പ്പെടുത്തുവാന്‍ പാടില്ല, കന്നുകാലികളെ പിടികൂടുന്നതിനുള്ള പുറം കരാര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും കന്നുകാലി ഉടമസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചു.നഗരപരിധിയില്‍ മാതൃകാ ഗോശാല നിര്‍മ്മിക്കണമെന്നും സൊസൈറ്റി രൂപീകരിക്കണമെന്നും ഗോ രക്ഷാ സമിതി ആവശ്യപ്പെട്ടു. നിലവില്‍ മണപ്പുള്ളിക്കാവില്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് പറഞ്ഞു. നിലവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ബൈലോ ഉള്ളതിനാല്‍ ഇന്നു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. യോഗത്തില്‍ ക്ഷീരകര്‍ഷകര്‍, ഗോരക്ഷാ സമിതി ഭാരവാഹികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കളായ കെ. ഭവദാസ്, കുമാരി,ടി.എം.ഹബീബ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷമാരായ ടി.ബേബി, കെ.ദിവ്യ, കൗണ്‍സിലര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: