കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ക്ലര്‍ക്ക് തസ്തികയിലേക്ക് പണം കൈപ്പറ്റി സിപിഎം പ്രവര്ത്തകന് നിയമനം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കി. പുല്ലൂര്‍ പെരിയ മുന്‍ മണ്ഡലം പ്രസിഡന്റും 142 ാം ബൂത്ത് പ്രസിഡന്റുമായ എം.വി.നാരാണനെയാണ് അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അപേക്ഷകനെ തഴഞ്ഞാണ് നിയമനം നടത്തിയതെന്നും പറയുന്നു.
അതേ സമയം യോഗ്യതയില്ലാത്തതിനാലാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് നിയമനം ലഭിക്കാത്തതെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് എം.വി.നാരായണന് പറഞ്ഞു. പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ക്ലര്‍ക്ക് നിയമനത്തിലേക്കാണ് ജൂണ്‍ 24ന് അഭിമുഖം നടന്നത്. പന്ത്രണ്ടോളം പേര് ഉണ്ടായിരുന്ന അഭിമുഖത്തില്‍ നിയമനം കിട്ടിയില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് മാര്‍ക്കില്‍ ഏറ്റവും പിന്നിലായിരുന്നെന്ന് എം.വി.നാരായണന് പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ ചിലര്‍ നടത്തിവരുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. എം.വി.നാരായണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് കാണിച്ച് ഒരു സംഘം യുവാക്കള്‍ മണ്ഡലം പ്രസിഡന്റിന് കത്ത് നല്‍കിയതായും പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. വിഭാഗീയതയില്‍ മനംമടുത്ത് രാജി താന്‍ സ്വയം ആവശ്യപ്പെടുകയായിരുന്നെന്ന് എം.വി.നാരായണന് പറയുന്നു. നിയമനത്തിന് അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി ആണെന്നിരിക്കെ യോഗ്യതയില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര് ത്തകര് ചോദിക്കുന്നു. 18 മുതല്‍ 35 വയസുവരെയാണ് നിയമനത്തിന് പ്രായപരിധി. നിലവില്‍ താല്കാലികമായി ജോലി ചെയ്തുവരുന്നയാളാണ് സ്ഥിര നിയമനം ലഭിച്ച സിപിഎം പ്രവര്ത്തകന്.
പുല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിയമന വിവാദം കത്തിനില്‍ക്കെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും മഹിള സംഘം മണ്ഡലം പ്രസിഡന്റുമായ പുല്ലൂര്‍ മധുരംപാടിയിലെ സി.കെ.ശ്രീകലയെ കോണ്‍ഗ്രസ് പ്രവര്ത്തകന് ശ്രീധരന് നമ്പ്യാര്‍ ബാങ്കിന് മുന്നില്‍ വെച്ച് പരസ്യമായി മര്‍ദ്ദിച്ചത് കൂടുതല്‍ പൊട്ടിത്തെറിക്ക് കാരണമായി. ബാങ്കിന് മുന്നില്‍ വെച്ചാണ് ശ്രീകല മര്ദ്ദനത്തിനിരയാത്. ബാങ്ക് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീടിനെതിരെ ശ്രീകല ഉള്‍പ്പെടെയുള്ളവര്‍ അവിശ്വാസം കൊണ്ടുവന്നിരുന്നു. ഇതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു. ശ്രീകലയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു. എന്നാല്‍ പുല്ലൂര്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ നേതൃത്വങ്ങള്‍ തമ്മില്‍ നിലവിലുള്ള വിഭാഗീയതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: