കല്‍പ്പറ്റ : വനവാസി വികസന-ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന്. ജില്ലയിലെ അവിവാഹിത അമ്മമാരുടെയും ആദിവാസി വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടന പ്രധിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ആദിവാസി വിഭാഗത്തിന് യഥാ സമയം നീതി ലഭിക്കണം. രാഷ്ട്രീയ താല്പര്യങ്ങളോ, മറ്റ് നിക്ഷിപ്ത താല്പര്യങ്ങളോ ഇതിന് വിഘാതമാവാന്‍ പാടില്ല. ഗോത്ര വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്നപദ്ധതികള്‍ സംബന്ധിച്ച അറിവില്ലായ്മയാണ് ഇവര്‍ ചൂഷണം ചെയ്യപ്പെടാനുള്ള കാരണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ച് മാനദണ്ഡ പ്രകാരം പദ്ധതി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ ഒരു പരിധി വരെ അഴിമതി തടയാന്‍ സാധിക്കും. പോരായ്മകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കുറവാണ്. ജനങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പണം വിനിയോഗിക്കാതെ ലാപ്സാക്കി കളയുന്നത് നീതീകരിക്കാനാവില്ല. പദ്ധതി നിര്‍വഹണത്തില്‍ അലസത കാണിച്ച് സാമ്പത്തിക വര്‍ഷാവസാനം വന്‍ തോതില്‍ ഫണ്ട് ചിലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ കോളനി വൈദ്യുതീകരണത്തിന് വനം വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന പരാതിയില്‍ മുഴുവന്‍ രേഖകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷനുമുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്കി.
കണിയാമ്പറ്റ പടിഞ്ഞാറെ വീട് കോളനിയില്‍ വീട് നിര്‍മ്മാണത്തിന്റെ അവസാന ഗഡു ലഭിച്ചില്ലന്നും വീട് വൈദ്യുതീകരിച്ചില്ലന്നുമുള്ള പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന് നിര്‍ദേശം നല്കി. പണി പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അവസാന ഗഡുനല്കുന്നതിന് വി.ഇ.ഒ, ബി.ഡി.ഒ എന്നിവരെയും വൈദ്യുതി കണക്ഷന് നല്‍കുന്നതിന് കെ.എസ്.ഇ.ബി അസി. എഞ്ചിനീയറേയും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് പ്രദേശത്തെ ട്രൈബല്‍ പ്രമോട്ടറേയും ചുമതലപ്പെടുത്തി.
ആദിവാസി കോളനികളില്‍ രാത്രി പുറത്ത് നിന്നുള്ള ആളുകള്‍ വരുന്നത് നിയന്ത്രിക്കുന്നതിന് ഊരു കൂട്ടത്തിന്റെ അഭിപ്രായ പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
മുന്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ്, ഡോ. സഞ്ജയ് ദുബേ, ഡയറക്ടര്‍ ഇന്ദ്രജിത്ത് കുമാര്‍, അസി. രജിസ്ട്രാര്‍ മഹാബീര് സിങ്ങ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, സബ് കലക്ടര്‍ വി സാംബശിവറാവു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: