പെരിന്തല്‍മണ്ണ; ഇല്ലാത്ത ഓപ്പറേഷന്റെ പേരില്‍ മരണപ്പെട്ട രോഗിയുടെ ബന്ധുക്കളോട് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് വന്‍തുക ആവശ്യപ്പെട്ടെന്ന് പരാതി. ബന്ധുക്കളും സുഹൃത്തുക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി ആനമങ്ങാട് ഹൈസ്കൂള്‍പടിയില്‍ ബൈക്കുകള്‍ കൂട്ടിയിട്ടിച്ച് ഗുരുതര പരിക്ക് പറ്റിയ യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു. തൂത വീട്ടിക്കാട് പപ്പടക്കാരന്‍ വീട്ടില്‍ വാപ്പുവിന്റെ മകന് അബ്ദുള്‍ മജീദ് (38) ആണ് മരിച്ചത്. മൃതശരീരം കൈമാറുമ്പോള്‍ 48000 രൂപയുടെ ബില്ലും ആശുപത്രി അധികൃതര്‍ നല്കി.
കുറഞ്ഞ മണിക്കൂറുകള്‍ മാത്രം ഐസിയുവില്‍ കിടന്നതിന് ഇത്രയും വലിയ ബില്ലോയെന്ന് ബന്ധുക്കള്‍ ചോദിച്ചു. അടിയന്തിര ഓപ്പറേഷന് നടത്തിയെന്നും 28000 രൂപ ഓപ്പറേഷന് തുകയാണെന്നും അധികൃതര്‍ മറുപടി നല്കി. എന്നാല്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഓപ്പറേഷന് നടത്താന്‍ സാധിക്കില്ലെന്നും ഇനി അഥവാ അത്തരം ഒരു ഓപ്പറേഷന് നടത്തുന്നെങ്കില്‍ അത് തങ്ങളെ എന്തുകൊണ്ട് അറിയിച്ചില്ലായെന്ന് ബന്ധുക്കളും വാദിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതരും മരണപ്പെട്ട രോഗിയുടെ ബന്ധുക്കളും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദം സംഘര്‍ഷത്തിന്റെ വക്കിലെത്തി. അവസാനം മൊത്തം തുകയില്‍ നിന്ന് 5000 രൂപ കുറച്ച് തന്നാല്‍ മതിയെന്നായി ആശുപത്രി അധികൃതര്‍. എന്നാല്‍ ഇല്ലാത്ത ഓപ്പറേഷന്റെ പേരില്‍ പണം നല്‍കില്ലെന്ന് നിലപാടില്‍ ബന്ധുക്കളും ഉറച്ചുനിന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഓപ്പറേഷന് തുകയായ 28000 രൂപയും നല്‍കേണ്ടെന്ന് അധികൃതര്‍ ഒത്തുതീര്‍പ്പ് നിലപാടെടുത്തു. ഇതേ തുടര്‍ന്ന് പ്രശ്നം താല്‍ക്കാലികമായി കെട്ടടങ്ങി. എന്നാല്‍ മരണപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളിലൊരാള്‍ ആശുപത്രിയിലെ ദുരനുഭവം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആറ് മിനിറ്റും ഒന്‍പത് സെക്കന്റുമുള്ള വോയിസ് മെസേജ് ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളില്‍ ആശുപത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം സത്യമല്ലെങ്കില്‍ വോയിസ് ക്ലിപ്പിട്ട ആള്‍ക്കെതിരെ, ആശുപത്രി അധികൃതര്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: