കാസര്‍കോട്: അനധികൃതമായി ഫാന്‍സി നമ്പര്‍ പ്ലേറ്റുകളും സ്റ്റിക്കര്‍ നമ്പര്‍ പ്ലേറ്റുകളും ഘടിപ്പിച്ച വാഹനങ്ങളുടെ ഉപയോഗം ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസ് നടപടി ശക്തമാക്കുന്നു. നിയമാനുസൃതമല്ലാതെ ഫാന്‍സി, സ്റ്റിക്കര്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് നീക്കം. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടിയുമായി രംഗത്തിറങ്ങിയത്. ഏറ്റവും ഒടുവില്‍ പ്രസ്ക്ലബ് ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് പണം നല്‍കാതെ ഓടിച്ചു പോയ ബൈക്കിന്റെ നമ്പര്‍ കാണാത്ത വിധമായിരുന്നു പതിച്ചിരുന്നതെന്ന് പമ്പ് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
മോട്ടോര്‍ വാഹന നിയമപ്രകാരം നമ്പര്‍ പ്ലേറ്റുകളുടെ വലുപ്പം ഇരുചക്ര വാഹനങ്ങള്‍ക്ക് 20 സെ.മീത10 സെ.മീറ്ററും, ലൈറ്റ് വാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് 50 സെ.മീ ത 12 സെ.മീറ്ററും അല്ലെങ്കില്‍ 34 സെ.മീ ത 20 സെ.മീറ്ററോ ആണ്. രണ്ടു വരിയായി വേണം രജിസ്ട്രേഷന് നമ്പര്‍ എഴുതുവാന്‍. മാത്രമല്ല നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെയും മുന്‍വശം നമ്പര്‍ പ്ലേറ്റുകള്‍ ഒഴിവാക്കിയുമുള്ള വാഹന ഉപയോഗം നിലവിലുള്ള രജിസ്ട്രേഷന് നിയമങ്ങളുടെ ലംഘനമാണെന്ന് പോലീസ് പറഞ്ഞു. ഇരുചക്ര മുച്രക വാഹനങ്ങള്‍ക്ക് നാല് സെന്റീമീറ്ററും ലൈറ്റ് വാഹനങ്ങള്‍, കാറുകള്‍, മീഡിയം ഹെവി വാഹനങ്ങള്‍ എന്നിവയ്ക്ക് ആറര സെ.മീറ്റര്‍ ഉയരവുമാണ് അക്ഷരങ്ങള്‍ക്കു വേണ്ടത്.
നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ പോലീസ് ആക്ടിലെ വകുപ്പ് 120(ബി) പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 283 പ്രകാരവും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിയമം ലംഘിച്ചു കൊണ്ട് നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാനും നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയവ ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും, മദ്യപിച്ചു വാഹനം ഓടിക്കല്‍, അമിത വേഗത തുടങ്ങിയവക്കെതിരെയും നിയമ നടപടികള്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷന് ശുഭയാത്രയുടെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗം തടയുന്നതിനായി മാതാപിതാക്കളെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ഉപ്പളയിലും, കാലിക്കടവിലും രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ കട്ടന്‍ ചായ നല്കി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: