കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ക്ക് നിശ്ചയിച്ച തുക കുറവായതിനാല്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നല്കുന്ന വിവിധ തരം സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക കൊണ്ട് മാത്രം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് നടത്തിപ്പുകാര്‍ പറയുന്നു. 2002ല്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ നിശ്ചയിച്ച തുകയാണ് 14 വര്‍ഷം കഴിഞ്ഞും ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. വര്‍ഷം തോറും പൊതുവിപണിയിലും, അസംസ്കൃത വസ്തുക്കള്‍ക്കും വിലവര്‍ധന നേരിടുന്ന സാഹചര്യത്തില്‍ അതിന് ആനുപാതികമായി അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ഇത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് അക്ഷയ നടത്തിപ്പുകാര്‍ക്ക് ഉണ്ടാക്കുന്നത്.
ഒരു പേജ് സ്കാന്‍ ചെയ്യാന്‍ ഉപഭോക്താവിനോട് അക്ഷയ കേന്ദ്രങ്ങള്‍ വാങ്ങുന്നത് വെറും രണ്ട് രൂപ മാത്രമാണ്. മറ്റു സ്ഥാപനങ്ങളില്‍ ഇത് 10 രൂപയും അതിന് മുകളിലുമാണ്. സര്‍ക്കാര്‍ അക്ഷയ വഴി ചെയ്യിക്കുന്ന വിവിധ സേവനങ്ങളുടെ ഡാറ്റാ എന്‍ട്രി ജോലികളുടെ സര്‍ക്കാര്‍ വിഹിതമായി ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കാത്തതും പ്രവര്‍ത്തനത്തിന് തടസമാകുന്നതായി പറയുന്നു. പലപ്പോഴും സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന് നിശ്ചയിച്ച് നാമമാത്ര തുക ലഭിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പല കേന്ദ്രങ്ങളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ശമ്പളത്തിന് വെച്ചാണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. അവര്‍ക്ക് നല്‍കേണ്ട തുക നടത്തിപ്പുകാര്‍ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. സ്വകാര്യ ഡിടിപി സെന്ററുകള്‍ 10 രൂപ വാങ്ങുന്ന ജോലിക്ക് അക്ഷയ കേന്ദ്രങ്ങളില്‍ വാങ്ങാവുന്നത് 4 രൂപയാണ്.
ഇ-ഗ്രാന്റ് സ്കോളര്‍ഷിപ്പ് ചെയ്യുന്നതിന് പണം ഉപഭോക്താക്കളോട് വാങ്ങരുതെന്നാണ് നിയമം. ഒരു സ്കോളര്‍ഷിപ്പ് വിവരങ്ങള്‍ പൂര്‍ണമായും അപ്ലോഡ് ചെയ്യണമെങ്കില്‍ 15 മുതല്‍ 20 മിനുട്ട് സമയം വേണം. ഇത്തരത്തില്‍ ദിവസം മുഴുവനായും ചെയ്താല്‍ ബന്ധപ്പെട്ട അധികാരികള്‍ തുക അനുവദിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. കിട്ടിയാല്‍ തന്നെ പകുതി മാത്രമെ കിട്ടുന്നുളളുവെന്നും പരാതിയുണ്ട്. ബാക്കി തുക പാസ്സാകുന്ന മുറയ്ക്ക് നല്‍കാമെന്നാണ് അധികൃതര്‍ നല്കുന്ന മറുപടിയെന്ന് അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു. ഇതുമൂലം പല അക്ഷയ കേന്ദ്രങ്ങളും ഇ-ഗ്രാന്റ് ചെയ്യാതെ ഉപഭോക്താക്കളെ മടക്കി അയക്കുന്നതായും പരാതിയുണ്ട്.
നേരത്തെ ചെയ്ത ജനസമ്പര്‍ക്ക പരിപാടി, റേഷന്‍ കാര്‍ഡ്, തണ്ടപ്പേര് എന്നിവയുടെ ഡാറ്റാ എന്‍ട്രി തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അക്ഷയ കേന്ദ്രം ഉടമകള്‍ പറയുന്നു. വേതനം വര്‍ധിപ്പിക്കാനും, കൃത്യമായി നല്‍കാനുമുളള നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ല. ഏല്‍പ്പിക്കുന്ന ജോലിക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ലെങ്കില്‍ ഇ-സേവനത്തില്‍ നിന്നും പിന്മാറേണ്ട തീരുമാനമെടുക്കേണ്ടി വരുമെന്നും ജില്ലയിലെ അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: