കാസര്‍കോട്: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വരന്‍ മുന്നില്‍ കര്‍ക്കടക വാവുദിനമായ ഇന്നലെ പിതൃപുണ്യം തേടി ബലി തര്‍പ്പണത്തിനായി പതിനായിരങ്ങളെത്തി. പുലര്‍ച്ചെ ഒന്നിന് തന്നെ വിശ്വാസികള്‍ ക്ഷേത്രത്തിലെത്തിത്തുടങ്ങി.
ബലിതര്‍പ്പണത്തിനായി വിപുലമായൊരുക്കങ്ങള് കടലോരത്തും ക്ഷേത്രത്തിലുമായി നടത്തിയിരുന്നു. 20 ബലിത്തറകളും രസീത് നല്കാന് എട്ട് കൗണ്ടറുകളും കൂടാതെ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗിനു പ്രത്യേക സൗകര്യവുമുണ്ടായിരുന്നു. രാവിലെ 3.15നും ഉച്ചയ്ക്ക് 2.15നും ഇടയിലുള്ള സമയമാണ് ബലിതര്‍പ്പണത്തിനായി കണക്കാക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, ദക്ഷിണ കര്‍ണ്ണാടക ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് കൂടുതലായും ഇവിടെയെത്തുന്നത്. ക്ഷേത്രത്തിലെ പുരോഹിതന് രാജേന്ദ്രന് അരളിത്തായയുടെ നേതൃത്വത്തില്‍ 25വോളം പുരോഹിതര്‍ പിതൃതര്‍പ്പണത്തിന് കാര്‍മികത്വം വഹിച്ചു.
ക്ഷേത്രകുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് ക്ഷേത്ര നടയില്‍ കാണിക്കയിട്ട് മേല്‍ശാന്തിയില്‍ നിന്ന് അരിയും പൂവും വാങ്ങും. തുടര്‍ന്നാണ് കടലോരത്തെ പ്രത്രേകം തയ്യാറാക്കിയ ബലിത്തറയില്‍ ഭക്തര്‍ ബലി കര്‍മ്മം നടത്തിയത്. പിണ്ഡം കടലിലൊഴുക്കിയ ശേഷം വീണ്ടും ക്ഷേത്ര കുളത്തില്‍ കുളിച്ച് നടയിലെത്തി ഈശ്വരനെ വണങ്ങി പ്രസാദം സ്വീകരിച്ച് മടങ്ങി.
പിതൃപുണ്യം തേടി…… തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുദിനത്തില്‍ ബലി തര്പ്പണത്തിനെത്തിയവര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: