കാറില്‍ സ്വര്‍ണ്ണം കടത്തി പിടിയിലായവര്‍
കഴക്കൂട്ടം(തിരുവനന്തപുരം): അപകടത്തില്‍പ്പെട്ട ശേഷം നിര്‍ത്താതെ പോയ കാറിലുണ്ടായിരുന്നവരില്‍ നിന്ന് രണ്ടുകിലോയോളം വരുന്ന മൂന്ന് സ്വര്‍ണ ബിസ്ക്കറ്റുകള്‍ മംഗലപുരം പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ സുഹറാം(22), സുഷാന്ത്(18) എന്നിവരെയും ഇവര്‍ സഞ്ചരിച്ചിരുന്ന നിസാം മൈക്രാം എന്ന വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ പത്തരമണിയോടെ വെട്ടുറോഡിന് സമീപം വച്ച് ഈ കാര്‍ മറ്റൊരു ടയോട്ട കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ ആറ്റിങ്ങല്‍ ഭാഗത്തേക്ക് കുതിച്ച് പാഞ്ഞു. അവിടെയുണ്ടായിരുന്ന ഹൈവെ പെട്രോള്‍ കാറിന്റെ നമ്പര്‍ സഹിതം മംഗലപുരം പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ മംഗലപുരം എസ്ഐ പ്രസാദും സംഘവും തോന്നയ്ക്കല്‍ എജെ കോളേജിനടുത്ത് വച്ച് കാര്‍ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നു. കാറിലുണ്ടായിരുന്ന ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടയില്‍ ഒരാളുടെ പോക്കറ്റ് വീര്‍ത്തിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ബിസ്ക്കറ്റുകളാണെന്ന് മനസിലായത്. പിന്നീട് സ്വര്‍ണം തൂക്കിനോക്കിയപ്പോള്‍ രണ്ടുകിലോ31 ഗ്രാമുണ്ടെന്ന് തിരിച്ചറിഞ്ഞു.
വിവരമറിഞ്ഞ് സെയില്‍സ് ടാക്സുകാരും സ്റ്റേഷനിലെത്തി പരിശോധന നടത്തി.
പിടിയിലായ രണ്ടുപേരും കരുനാഗപ്പള്ളിയില്‍ പട നോര്‍ത്ത് എന്ന സ്ഥലത്താണ് താമസം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വച്ച് മറ്റൊരാള്‍ കൊടുത്ത സ്വര്‍ണമാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കൂടാതെ ഇവര്‍ക്ക് കൊല്ലത്തിനടുത്ത് സ്വന്തമായി ജൂവലറിയുണ്ടെന്നും പറയപ്പെടുന്നു.
ഇത് രേഖാമൂലം കൊണ്ടുവന്ന സ്വര്‍ണമല്ലെന്നും യാതൊരുവിധ രേഖകളുമില്ലെന്നുമാണ് പോലീസ് പറയുന്നത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും മംഗലപുരം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: