ഹൈദരാബാദ്: പ്രൊ കബഡി നാലാം സീസണിൽ കിരീടം പാറ്റ്ന പൈറേറ്റ്സിന്. ഫൈനലിൽ ജയ്പൂർ പിങ്ക് പാന്തേഴ്സിനെ തകർത്താണ് പാറ്റ്ന ജേതാക്കളായത്. 29നെതിരെ 37 പോയിന്റുകൾക്കായിരുന്നു പാറ്റ്നയുടെ വിജയം.
പാറ്റ്ന പൈറേറ്റ്സിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. 2014ലെ ആദ്യ സീസണിൽ ജേതാക്കളായിരുന്ന ജയ്പൂർ പിങ്ക് പാന്തേഴ്സും രണ്ടാംകിരീടം ലക്ഷ്യമിട്ടാണ് കളത്തിലെത്തിയതെങ്കിലും പാറ്റ്നയുടെ പോരാട്ടമികവിനു മുന്നിൽ അടിതെറ്റുകയായിരുന്നു.
അതേസമയം മലയാളി താരം ഷബീർ ബാപ്പുവിന് അപൂർവ്വ ബഹുമതി ലഭിച്ചു. പ്രൊ കബഡിയുടെ നാല് സീസണുകളിലും ഫൈനൽ കളിച്ച താരമെന്ന ബഹുമതിക്കാണ് ഷബീർ അർഹനായത്. കഴിഞ്ഞ മൂന്നു സീസണുകളിലും യു മുംബയുടെ താരമായിരുന്നു ഷബീർ.
രണ്ടാം സീസണിൽ ചാമ്പ്യന്മാരായ മുംബ ഒന്നാം സീസണിലും മൂന്നാം സീസണിലും രണ്ടാം സ്ഥാനക്കാരുമായി.
മൂന്നു ടീമുകൾ മാത്രം പങ്കെടുത്ത വനിതകളുടെ പ്രഥമ ലീഗിൽ സ്റ്റോം ക്വീൻസ് ജേതാക്കളായി. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ ക്വീൻസ് ഫയർ ബേഡ്സിനെ കീഴടക്കി. സ്കോർ 24-23.
പ്രതികരിക്കാൻ ഇവിടെ എഴുതുക: