കാസര്‍കോട്: പിണറായി വിജയന് സ്പോണ്സര് ചെയ്ത മാധ്യമ അടിയന്തിരാവസ്ഥയാണ് സംസ്ഥാന വ്യാപകമായി നടക്കുന്നതെന്നും ജനാധിപത്യ രീതിയില്‍ ഈ കാട്ടാള നീതിയെ ചെറുത്തു തോല്‍പ്പിക്കുമെന്ന് യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തെ ഭയക്കുന്നവരാണ് ഭരണഘടനാ അവകാശമായ മാധ്യമ ധര്‍മ്മത്തെ ഹനിക്കാന്‍ മുന്നോട്ടു വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകൂന്ന ഐസ്ക്രീം പാര്‍ലര്‍ കേസ്സുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന കോടതിക്കു മുന്‍പിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ജനാധിപത്യ രീതീയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകാന്‍ പോകുന്ന ഭൂമി തട്ടിപ്പ്, ചക്കിട്ടപ്പാറ ഖനന അഴിമതി, ഐസ് ക്രീം പാര്‍ലര്‍ കേസ്സ് തുടങ്ങിയ കേസ്സുകളുടെ സത്യാവസ്ഥ പൊതു സമൂഹത്തില്‍ നിന്നും മറച്ചു വെക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ മാധ്യമ അടിയന്തിരാവസ്ഥക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മാധ്യമ വിലക്കോ, ന്യായാധിപന്റെ ഉത്തരവോ ഉണ്ടായിരുന്നെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തകരെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും ശ്രദ്ധേയമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടുന്ന സര്‍ക്കാര്‍ നയം തിരുത്തുന്നതു വരെ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം തുടരും. യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍, കീര്ത്തന് ജെ.കുഡ്ലു, കിരണ്‍ കുതിരപ്പാടി, സുജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
കോഴിക്കോട് മാധ്യമ സ്വാതന്ത്ര്യം വിലക്കിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: