പത്തനംതിട്ട: പന്തളത്ത് പാലം പണി നടക്കുന്നതിനാല്‍ എട്ട് കിലോമീറ്റര്‍ അധിക ദൂരം ഓടുന്നുവെന്ന കാരണത്താല്‍ കെഎസ് ആര് ടിസി ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം. എല്‍. എമാരായ വീണാജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. യാത്രക്കാരില്‍ നിന്ന് കൂടിയ ടിക്കറ്റ് നിരക്ക് വാങ്ങുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ഗതാഗതം തിരിച്ചുവിട്ട വഴിയില്‍ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ അപകട സാധ്യതയുണ്ടെന്ന് വീണാ ജോര്‍ജ് എം. എല്‍. എ പറഞ്ഞു. ഇവിടെ ട്രാഫിക് പോലീസിന്റെ മേല്‍നോട്ടമുണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചു. പി. ഡബ്ള്യു.ഡി നിരത്ത് വിഭാഗവും ആര്. ടി. ഒയും സംയുക്തമായി പരിശോധന നടത്തി ആവശ്യമായ സ്ഥലങ്ങളില്‍ ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ ആവശ്യപ്പെട്ടു. ആര്.ടി.ഒയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ട്രാഫിക് പോലീസിനെ നിയോഗിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു.
ഓമല്ലൂര്‍ പന്ന്യാലി കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ കുടിവെള്ള പൈപ്പ് ലൈനിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് വീണാജോര്‍ജ് എം. എല്‍. എ ആവശ്യപ്പെട്ടു. ഇവിടെ പ്രാദേശിക എതിര്‍പ്പുള്ള സാഹചര്യത്തില്‍ എ. ഡി. എം യോഗം വിളിക്കും.
പന്തളം പി. എച്ച്. സിയിലെ അടഞ്ഞു കിടക്കുന്ന രണ്ട് കെട്ടിടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആശുപത്രി മാനേജ്മെന്റ ഫണ്ട് വിനിയോഗിക്കണമെന്ന ചിറ്റയം ഗോപകുമാര്‍ എം. എല്‍. എയുടെ നിര്‍ദ്ദേശം വികസന സമിതി അംഗീകരിച്ചു. അടൂര്‍ ഭാഗത്ത് സ്കൂള്‍ സമയത്ത് പായുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ല. ഇത് തടയണമെന്ന് എം. എല്‍. എ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ കത്ത് നല്‍കും. കൂടാതെ ഇക്കാര്യം പരിശോധിക്കാന്‍ ആര്. ടി. ഒയെയും ചുമതലപ്പെടുത്തും. നെല്ലിമൂട്ടില്‍പ്പടിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ വലിയ വാഹനങ്ങള്‍ വേഗത്തിലാണ് വരുന്നത്. ഇത് നിയന്ത്രിക്കണം. കൊടുമണ്‍ പ്ലാന്റേഷന് കാടു കയറി കിടക്കുകയാണ്. ഇതിനാല്‍ കാട്ടുപന്നി ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പ് നടപടിയെടുക്കണം. നെടുങ്കുന്നത്തുമല ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം അളന്ന് തിരിക്കണം. അടുത്ത വികസന സമിതി യോഗത്തിന് മുന്‍പ് നടപടി പൂര്‍ത്തിയാക്കണം.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മൈലപ്രയില്‍ ഏഴു കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റീസര്‍വേ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അടൂര്‍ പ്രകാശ് എം. എല്‍. എ ആവശ്യപ്പെട്ടു. കോന്നി,. കലഞ്ഞൂര്‍, മല്ലശ്ശേരി, ഈട്ടിമൂട്ടില്‍പ്പടി എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്നും അടൂര്‍ പ്രകാശ് എം. എല്‍. എ ആവശ്യപ്പെട്ടു. ആവണിപ്പാറ പാലം പണിക്കും അഞ്ച് അനുബന്ധ റോഡുകള്‍ക്കും അനുമതി നല്‍കുന്നത് സംബന്ധിച്ച് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പരിശോധന നടത്തിയതായി കോന്നി ഡി. എഫ്. ഒ എം. എല്‍. എയെ അറിയിച്ചു. ആറന്മുള സഹകരണ പരിശീലന കോളേജിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എം. പി ഫണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകള്‍ നല്‍കാനാവുമോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പന്തളം ഫയര്സ്റ്റേഷന് കെട്ടിടം നല്‍കുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കാന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. കെ. സതിയെ ചുമതലപ്പെടുത്തി. കോട്ടാങ്ങല്‍ പഞ്ചായത്തിലെ മാരംകുളം നിര്‍മ്മലപുരം റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതും കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് ബി. എസ്. എന്‍. എലുമായി തര്‍ക്കമുള്ളതിനാല്‍ ജില്ലാ കളക്ടര്‍ യോഗം വിളിക്കും. മല്ലപ്പള്ളി റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കുറ്റൂര്‍ തിരുമൂലപുരം റോഡിലെ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആര്. ഡി. ഒ യോഗം വിളിക്കും. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞതായി ഡി. എം. ഒ (ആരോഗ്യം) അറിയിച്ചു. തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ജില്ലയിലെ പ്രധാന അപകട മേഖലകളായ ചേന്നംപള്ളില്‍, നെല്ലാട്, വാഴക്കുന്നം എന്നിവിടങ്ങളില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: