ആ മാന്ത്രിക ശബ്ദം എന്നന്നേക്കുമായി നിലച്ചപ്പോള്‍ ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കര്‍ ഇങ്ങനെ പറഞ്ഞു. ”നമുക്ക് ചുറ്റിലും ഇരുട്ടു പരന്നിരിക്കുന്നു. പൂര്ണ്ണചന്ദ്രന് അസ്തമിച്ചു.” ആ പൂര്ണ്ണചന്ദ്രന് മറ്റാരുമായിരുന്നില്ല, ഭാരതീയ സംഗീതത്തിനുതന്നെ പര്യായമായി മാറിയ മുഹമ്മദ് റഫി. അദ്ദേഹത്തിന്റെ സ്വരമാധുരി ഒഴുകാത്ത പാട്ടുവഴികളില്ലായിരുന്നു. ഭാഷയുടെ പരിമിതികള്‍ റാഫിയിലെ സംഗീതജ്ഞനെ സ്വയം മറന്ന് ആസ്വദിക്കാന്‍ ആരാധകര്‍ക്ക് തടസ്സമേ ആയില്ല. ഹിന്ദി സിനിമാഗാനശാഖയെ ഇന്നും ത്രസിപ്പിക്കുന്ന പാട്ടുകള്‍ ബാക്കിവെച്ച് മുഹമ്മദ് റഫി കടന്നു പോയിട്ട് മുപ്പത്തിയാറു വര്‍ഷം.
പഞ്ചാബിലെ കോട്ട്ല സുല്‍ത്താന്‍സിങില്‍ 1924 ഡിസംബര്‍ 24 ന് ജനനം. റഫിയിലെ പാട്ടുകാരനെ ആദ്യമുണര്‍ത്തിയത് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പാട്ടുപാടി അലഞ്ഞു നടന്ന ഒരു ഫക്കീറായിരുന്നു. ആ സൂഫിവര്യന്റെ പാട്ടുകള്‍ കൊച്ചു റാഫി ഏറ്റുപാടിക്കൊണ്ടേയിരുന്നു. പക്ഷേ അദ്ദേഹത്തെ ബോളിവുഡില്‍ പകരം വെയ്ക്കാനില്ലാത്ത പാട്ടുകാരനാക്കിയത് സൈഗാളിന്റെ ഒരു സംഗീത സദസ്സായിരുന്നു.
വിഖ്യാത ഗായകന് കെ. എല്‍. സൈഗാളിന്റെ സംഗീത പരിപാടി കേള്‍ക്കാന്‍ സഹോദരനൊപ്പം റഫിയും പോയി. വെദ്യുതി തകരാറു മൂലം സൈഗാളിന്റെ പാട്ട് തടസ്സപ്പെട്ടു. സദസ്സ് അക്ഷമരായി. റാഫിയുടെ സഹോദരന് സംഘാടകരെ സമീപിച്ച്, വൈദ്യുതി ബന്ധം ശരിയാക്കും വരെ റഫിക്ക് പാടാന്‍ അവസരം ചോദിച്ചു. റഫി പാടി. സദസ്സിന് തൃപ്തി. അവിടംകൊണ്ടും തീര്‍ന്നില്ല. പാട്ടുകേട്ട പ്രമുഖ സംഗീത സംവിധായകന് ശ്യാം സുന്ദര്‍ ആ മാസ്മര സ്വരത്തെ ഹിന്ദി സിനിമാലോകത്തെത്തിച്ചു. പിന്നെ തിരിഞ്ഞു നോട്ടമില്ലാത്ത സംഗീത യാത്രയായിരുന്നു. ഗസലായും ഭജനായും ഖവാലിയായും ദേശഭക്തി ഗാനങ്ങളായും മറക്കാനാവാത്ത പ്രണയഗീതങ്ങളായും സംഗീതാസ്വാദകരില്‍ റഫി നിറഞ്ഞു.
പാട്ടുകാരനായി മുംബൈയില്‍ എത്തിയത് 1944ലായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ആദ്യഗാനം ‘ഗാവോം കീ ഗോരി’ എന്ന സിനിമയില്‍. ‘യേ ദുനിയാ യെ മെഹ്ഫില്‍,’ ‘ക്യാ ഹുവാ തേരാ വാദാ,’ ‘ബഹാരോം ഫൂല് ബര്സാവോ,’ ‘തേരെ മേരെ സപ്നെ അബ് ഏക് രംഗ് ഹെ,’ ‘പര്‍ദാ ഹെ പര്‍ദാ’… തുടങ്ങി റഫി പാടി കൊതിപ്പിച്ചുപോയ പാട്ടുകള്‍ അനവധി. 1977 ല്‍ ആദ്യത്തെ ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും റാഫിയുടെ കൈകളിലെത്തിച്ചത് ‘ഹം കിസീ സെ കം നഹി’ എന്ന സിനിമയിലെ ‘ക്യാ ഹുവാ തേരാ വാദാ’ എന്ന ഗാനമായിരുന്നു.
അന്യഭാഷകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുപാടിയ ഗായകനെന്ന ബഹുമതി റഫിയ്ക്കുള്ളതാണ്. മന്നാഡെ പറയുമായിരുന്നു-ഞങ്ങളുടെ പാട്ടുകള്‍ക്കെല്ലാം പരിമിതികളുണ്ടായിരുന്നു. പക്ഷേ റഫിയ്ക്ക് ഏതും വഴങ്ങും. സംഗീതജ്ഞനു വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞവര്‍ ഏറെയുണ്ടായിരുന്നെങ്കിലും അതിനുമപ്പുറത്ത് നല്ല മനുഷ്യനെന്ന അപൂര്‍വ്വ ഗുണവും അേദ്ദഹത്തിൽ ദൈവം ചേര്‍ത്തുവച്ചു. അമ്പത്തഞ്ചു വയസ്സിനിടയില്‍ അദ്ദേഹം പാടിത്തീര്‍ത്തത് 26,000 പാട്ടുകളാണ്.
1980 ജൂലൈ 31ന് റഫി പാട്ടുനിര്‍ത്തി മരണത്തിലേക്ക് മടങ്ങി. ജുഹുവിലെ മുസ്ലിം സെമിത്തേരിയില്‍ നിത്യനിദ്രയിലാണ്ടു. മുംബൈ കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയായിരുന്നു റഫിയുടേത്. അതേ ജനപ്രവാഹം ഇന്നുമുണ്ട്; ആ മഹാനുഭാവന്റെ ശവകുടീരത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: