പത്തനംതിട്ട: പൈാതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകാത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നു. മാവേലി സ്റ്റോറുകളടക്കമുള്ള പൊതു വിതരണ കേന്ദ്രങ്ങളില്‍ സബ്സിഡി സാധനങ്ങള്‍ ലഭിക്കാതായതോടെ സാധാരണക്കാരും വിലക്കയറ്റത്തിന്റെ പിടിയിലായി. ഓണത്തിന് ഒരുമാസം അവശേഷിക്കെ കമ്പോളത്തിലെ വിലക്കയറ്റം ജനങ്ങളെ ആശങ്കയിലാക്കുന്നു. ഇതോടെ ഓണക്കാലത്ത് വില വര്‍ദ്ധനവ് കൂടുതല്‍ രൂക്ഷമാകുമെന്നും ഉറപ്പായി. ഏറെ വാഗ്ദാനങ്ങള്‍ നല്കി ഇടതി മുന്നണി സര്‍ക്കാര്‍ ഭരണത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അഭിപ്രായം ഉയരുന്നു.
സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ വിതരണം ചെയ്തിരുന്ന അവശ്യ സാധനങ്ങള്‍ രൂക്ഷമായ ക്ഷാമമാണ് കുറെദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനു സപ്ലൈകോ കരാര്‍ നല്‍കുന്നതിലുണ്ടായ കാലതാമസമാണ് സാധനങ്ങളുടെ ലഭ്യത കുറയ്ക്കാനിടയാക്കിയതെന്നു പറയുന്നു.
അരി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, മുളക്, മല്ല തുടങ്ങി സബ്സിഡിയോടെ ലഭിക്കുന്ന സാധനങ്ങള്‍ക്ക് സാധാരണക്കാര്‍ സപ്ലൈകോ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇവ യഥേഷ്ടം ലഭ്യമാക്കുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സാധനങ്ങള്‍ക്കു ക്ഷാമമുണ്ടായതെന്നതും ശ്രദ്ധേയമാണ്. റംസാന് വിപണി കഴിഞ്ഞശേഷം സിവില്‍ സപ്ലൈസ് കോര്പറേഷന് സാധനങ്ങള്‍ എത്തിച്ചിട്ടില്ല. ചെറുപയര്‍, വന്‍പയര്‍, കടല എന്നിവ ഒരു മാസമായി സപ്ലൈകോയില്‍ ലഭിക്കുന്നില്ല. ഡിപ്പോയിലെത്തുന്ന പയര്‍ വര്‍ഗങ്ങള്‍ എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യാനുസരണം എത്തിക്കാനാകുന്നില്ല. പഞ്ചസാര, ഉഴുന്ന് എന്നിവയ്ക്കും ക്ഷാമമുണ്ട്. പൊതുവിപണിയില്‍ പഞ്ചസാര വില 40 രൂപയാണ്.
സപ്ലൈകോ 27 രൂപയ്ക്കാണ് വില്പന നടത്തിവന്നത്. അരി പുറത്തുനിന്നെടുക്കുന്നതു സംബന്ധിച്ച് ടെന്ഡര്വിലയിലുണ്ടായ തര്‍ക്കങ്ങള്‍ കാരണം അരി ഉള്‍പ്പെടെയുള്ളവയ്ക്കും ക്ഷാമം ഉണ്ടായേക്കാം. സപ്ലൈകോയില്‍ അരി ലഭ്യമല്ലെങ്കില്‍ പൊതുവിപണിയില്‍ അരി വില ഉയരും. അരിയുടെ വിലയില്‍ ഇപ്പോള്‍തന്നെ നേരിയ വ്യതിയാനം കണ്ടു തുടങ്ങിയിരുന്നു. സംസ്ഥാന ബജറ്റിനുശേഷം ആട്ട, റവ, മൈദ തുടങ്ങിയവയുടെ വില പൊതുവിപണിയില്‍ വര്‍ധിച്ചു. റേഷന്‍ കടകളില്‍ പച്ചരി, പഞ്ചസാര തുടങ്ങിയവ ലഭിക്കുന്നില്ല.
കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ത്രിവേണി, നന്മ സ്റ്റോറുകളിലേക്ക് സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അരി മാത്രമാണ് ലഭ്യമായത്. ആട്ട, റവ, മൈദ, പഞ്ചസാര തുടങ്ങിയവ ഏറ്റെടുത്താലും പൊതുവിപണിയിലെ വിലയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് ഇപ്പോള്‍ വില്‍ക്കുന്നത്. ഓണത്തിനു മുമ്പായി വിപണിയില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വിലക്കയറ്റം രൂക്ഷമാകും. പൊതുവിപണിയിലെ വില ഓണത്തിനു മുമ്പായി ഉയര്‍ന്ന തോതിലാക്കാനുള്ള തന്ത്രം വ്യാപാരികളും മെനയുന്നതായി സൂചനയുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ പച്ചക്കറി ഇനങ്ങള്‍ക്കും വില മുകളിലേക്ക്തന്നെ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലം ഇതുവരേയും ഉണ്ടായിട്ടില്ല. പച്ചക്കറിയുടെ വിലക്കയറ്റത്തിന് പിന്നില്‍ ഇടനിലക്കാരാണെന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: