പത്തനംതിട്ട: വിനോദസഞ്ചാരരംഗത്ത് ജില്ലയുടെ സമഗ്രവളര്‍ച്ചയ്ക്ക് കരുത്തേകാന്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ(ഡിറ്റിപിസി) ആഭിമുഖ്യത്തില്‍ ടൂറിസം ക്ലബുകള്‍. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് 25 ടൂറിസം ക്ലബുകളാണ് രൂപീകരിച്ചിട്ടുള്ളത്. അധ്യാപക-വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍ക്കൊള്ളുന്നതാണ് ടൂറിസം ക്ലബുകള്‍. വിനോദസഞ്ചാരത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധവും കാഴ്ചപ്പാടും വളര്‍ത്തിയെടുക്കുകയാണ് ടൂറിസം ക്ലബുകളുടെ ലക്ഷ്യം. വിനോദസഞ്ചാരികളെ അതിഥികളായി കണ്ട് മികച്ച സേവനം നല്‍കുന്നതിനും കൂടുതല്‍പേരെ ജില്ലയുടെ സാംസ്കാരിക പൈതൃകത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ടൂറിസം ക്ലബുകള്‍ പ്രവര്‍ത്തിക്കും. ഇതിനു പുറമേ, ജില്ലയിലെ പുതിയ വിനോദസഞ്ചാരസാധ്യതകള്‍ കെണ്ടത്തുന്നതിനും വികസിപ്പിക്കുന്നതിനും ടൂറിസം ക്ലബുകളുടെ സേവനം വിനിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
തിരുവല്ല ഡിറ്റിപിസി സത്രത്തില്‍ ടൂറിസം ക്ലബ് അധ്യാപക-വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി ഇന്നലെ സംഘടിപ്പിച്ച ഏകദിനപരിശീലന പരിപാടി മികവുകൊണ്ട് ശ്രദ്ധേയമായി. ജില്ലയുടെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് ടൂറിസം മുന്‍ ഡെപ്യുട്ടി ഡയറക്ടര്‍ പി.ജി. സുരേഷ്കുമാറും, പബ്ലിക് റിലേഷന്‍സും ടൂറിസവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്റാമും, പടേനിയിലെ തപ്പ്/താളങ്ങള്‍ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയും അവതരിപ്പിച്ചു. ടൂറിസം ക്ലബ് അംഗങ്ങളായ 75 പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: