കാസര്‍കോട്: സര്‍വ്വെയും ഭൂരേഖയും വകുപ്പ് ജില്ലാ ഡിജിറ്റൈസേഷന് സെന്ററിന്റെ ഉദ്ഘാടനവും കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന് തയ്യാറാക്കിയ ഇ-രേഖ വെബ് പോര്‍ട്ടലിന്റെയും മാപ് മൈ ഹോം മൊബൈല്‍ ആപ്ലിക്കേഷന്റെയും സംസ്ഥാനതല ഉദ്ഘാടനവും നാളെ മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വ്വഹിക്കും. കളക്ടറേറ്റില്‍ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന് എം പി മുഖ്യാതിഥി ആയിരിക്കും.
സര്‍വ്വെയും ഭൂരേഖയും വകുപ്പിന്റെ കീഴിലുളള കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന് ആണ് ജില്ലാ ഡിജിറ്റൈസേഷന് സെന്റര്‍ സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുളളത്. ജനോപകാരപ്രദമായ രീതിയില്‍ ഭൂരേഖകളുടെ മാപ്പുകളുടെയും രജിസ്റ്ററുകളുടെയും കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തുകയും ഈ ഡാറ്റകള്‍ ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അധിഷ്ഠിത വെബ് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. റീസര്‍വ്വെ കഴിഞ്ഞ് കൈമാറിയ എല്ലാ ഭൂരേഖകളും സ്കാനിങ്ങിലൂടെ ഡിജിറ്റലായി സംരക്ഷിക്കും. സര്‍വ്വെ, റവന്യൂ, രജിസ്ട്രേഷന് എന്നീ വകുപ്പുകളിലെ ഭൂമി സംബന്ധമായ വിവരങ്ങളുടെ മാപ് ഇന്‍ഫര്‍മേഷനുമായി ബന്ധിപ്പിക്കുകയും ഓണ്‍ലൈനായി ഭൂമി കൈമാറ്റങ്ങള്‍ നടത്തുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് കഡാസ്ട്രല്‍ മാപ്പ് ഡാറ്റകള്‍ ഓണ്‍ലൈനായി പണമടച്ചു കൈപ്പറ്റാനുളള അവസരമൊരുക്കും. സര്‍ക്കാരിന്റെ പൊതുമുതലുകള്‍ ജിയോകോഡിനേറ്റില് മാപ്പ് ചെയ്ത് ഫോട്ടോ ഗ്രാഫുകളടക്കം ജിഐഎസ് മാപ്പില്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: