പാലക്കാട്: ആട് ആന്റണിക്ക് കൊല്ലംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോള്‍ ജില്ലാ പോലീസിനും അഭിമാനം. തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതിയെ പിടികൂടിയ പാലക്കാട്ജില്ലാ പോലീസാണ്. പലതവണ സംസ്ഥാന പോലീസിന്റെ അന്വേഷണ മികവു ചോദ്യം ചെയ്യപ്പെട്ട ആട് ആന്റണി സംഭവത്തില്‍ അതു വീണ്ടെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി എം.എല്‍. സുനിലും സംഘവും.
കൊല്ലം കുണ്ടറ കുമ്പളം നെടിയവിള വീട്ടില്‍ ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണിയെ 2015 ഒക്ടോബര്‍ 13ന് തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ട കൗണ്ടനൂരിലെ ഭാര്യവീട്ടില്‍ നിന്നാണു അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആന്റണിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് സംഘം ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് മിന്നല്‍ നീക്കം വഴി ആടിനെ നിയമത്തിന്റെ കൂട്ടിലാക്കിയത്. ഭാര്യ പൊലീസ് നിരീക്ഷണത്തിലാണെന്നും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അറിയാതെ ആട് ആന്റണി ഗോപാലപുരം കരുമാണ്ടക്കൗണ്ടനൂരിലെ വീട്ടിലെത്തിയപ്പോഴാണ് ആട് കുടുങ്ങിയത്.
സിവില്‍ പോലീസ് ഓഫിസറുടെ തന്ത്രപരമായ നീക്കമാണു പ്രതിയെ വീട്ടിലെത്തിച്ചത്. ആന്റണി സംസ്ഥാനം മുഴുവന്‍ കാത്തിരിക്കുന്ന കുറ്റവാളിയാണെന്ന് ഭാര്യവീട്ടുകാര്‍ അറിഞ്ഞതും അയാളെ അറസ്റ്റുചെയ്തപ്പോള്‍ മാത്രമാണ്. മൂന്നു വര്‍ഷത്തോളം രാജ്യത്തിനകത്തും പുറത്തും സംസ്ഥാന പൊലീസ് അരിച്ചുപെറുക്കിയ ആട് ആന്റണിയെ പിടികൂടിയത് ജില്ലാ പോലീസിന്റെ അന്വേഷണ മികവാണ്. സേനയിലെ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ സാധിച്ചില്ലെന്ന വിഷമവുമായാണ് അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് വിരമിച്ചത്.
കൊല്ലം കുണ്ടറ കുമ്പളം നെടിയവിളവീട്ടില്‍ ആന്റണി വര്‍ഗീസ് പിന്നീട് ആട് ആന്റണിയായി. ആന്റണിക്കു കവര്‍ച്ച ഹരമായിരുന്നു, സ്ത്രീ ദൗര്‍ബല്യവും. കൊല്ലം ജില്ലയിലെ കുണ്ടറ, പടപ്പക്കര മേഖലകളിലെ അറിയപ്പെടുന്ന മോഷ്ടാവ് ക്യാപ്റ്റന്‍ ജോസായിരുന്നു ആന്റണിയുടെ ഹീറോ. ആടുകളെ മോഷ്ടിച്ച് ചന്തകളില്‍ വില്ക്കുന്നതു നാട്ടില്‍ പാട്ടായതോടെ അവിടെനിന്നു മുങ്ങി. ടേപ് റിക്കോര്‍ഡര്‍, മൈക്ക് എന്നിവയിലാണു പിന്നീടു കൈവച്ചത്. അതിനു പിടിയിലായി പുറത്തിറങ്ങിയ ശേഷം കമ്പ്യൂട്ടറുകളും ഗൃഹോപകരണങ്ങളും മോഷ്ടിക്കാന്‍ തുടങ്ങി. പലയിടത്തും വാടകയ്ക്കെടുത്ത വീടുകളില്‍ മോഷ്ടിച്ച ഗൃഹോപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതു കണ്ടാല്‍ വന്‍ ഹോം അപ്ലയന്‍സസ് ഷോറൂമാണെന്നു തോന്നും. പത്തനംതിട്ടയിലെ വാര്യാപുരത്ത് ഇങ്ങനെയൊരു ഷോറൂം ആട് ആന്റണി ഒരുക്കിയിരുന്നു.
നാടുനീളെ കല്യാണം കഴിക്കലായിരുന്നു മറ്റൊരു ഹോബി. ഇതൊക്കെ ചെയ്തശേഷം ഒളിവില്‍ കഴിയുന്നതിലും സാമര്‍ഥ്യം തെളിയിച്ചു. പല രൂപത്തിലും വിവിധ പേരിലും പല നാടുകളിലായിരുന്നു ഒളിവുജീവിതം. ഒപ്പം ഒരു സ്ത്രീ കൂട്ടിനുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: