ഷൊറണൂര്‍: മഴക്കാലത്തും കുടിവെള്ളത്തിന് പരക്കം പായുകയാണ് ഷൊര്‍ണൂര്‍. വര്‍ഷങ്ങളായുള്ള ഷൊര്‍ണൂരിന്റെ ശാപമാണ് കുടിവെള്ളം ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥ. ജലസ്രോതസ്സുകളുടെ പ്രശ്നം ഉന്നയിച്ചാണ് വേനലില്‍ ജല അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, മഴക്കാലത്തും ഷൊര്‍ണൂരിന്റെ പലഭാഗങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം വെള്ളം ലഭിക്കുന്നത് ജല അതോറിറ്റിയുടെ കുടിവെള്ളംമാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വെള്ളത്തിനായി ഒരുദിവസംമുഴുവന്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. മാത്രമല്ല, ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളമെത്തുന്നില്ലെന്ന പരാതിയും ഉയരുന്നു.
പല സാഹചര്യങ്ങളിലും നടപടികള്‍ക്കായി ജല അതോറിറ്റിയെ നാട്ടുകാര്‍ സമീപിക്കാറുണ്ടെങ്കിലും ഫലം ലഭിക്കാറില്ലെന്ന് പറയുന്നു. പൈപ്പുകളിലുണ്ടാകുന്ന പൊട്ടലും കൃത്യമായി വൈദ്യുതി ലഭിക്കാത്തതുമാണ് എല്ലാദിവസവും വെള്ളം നല്‍കാനുള്ള തടസ്സമെന്ന് ജല അതോറിറ്റി അധികൃതര്‍ വിശദീകരിക്കുന്നു.
കുടിവെള്ളവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളുടെ കാലപ്പഴക്കമാണ് പലപ്പോഴും വെള്ളം പാഴാവുന്നതിന് ഇടയാക്കുന്നതെന്നും ജല അതോറിറ്റി അധികൃതര്‍ പറയുന്നു. പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ പൈപ്പുകള്‍ മാറ്റും.
ഈ ബജറ്റില്‍ കുടിവെള്ളപദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ഇത് ലഭിച്ചാല്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പഴയ പൈപ്പുകള്‍ മാറ്റാനാവുമെന്നാണ് ജല അതോറിറ്റി പ്രതീക്ഷിക്കുന്നത്. എന്നാല്‍, വേനലില്‍ അനുഭവിച്ച കുടിവെള്ളക്ഷാമം മഴക്കാലത്തെങ്കിലും പരിഹരിച്ച് എല്ലാദിവസവും വെള്ളം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഷൊര്‍ണൂരുകാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും വര്‍ഷങ്ങളോളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: