രഞ്ജിത്ത്
ഏബ്രഹാം തോമസ്
പെരിന്തല്‍മണ്ണ; കാലോചിതമായ വികസന കാഴ്ചപ്പാടുകളാണ് പെരിന്തല്‍മണ്ണയില്‍ നടപ്പാക്കേണ്ടതെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയരുന്നു. വികസനം എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ഏകപക്ഷീയവും സ്വാര്‍ത്ഥപരവുമായ പ്രവര്‍ത്തികള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഭൂഷണമല്ലെന്നും പൊതുസമൂഹം മുന്നറിയിപ്പ് നല്കുന്നു. റോഡ് പണിക്കുചിലവായ ലക്ഷങ്ങളുടെ കണക്ക് പറഞ്ഞ് ഫ്ളക്സ് ബോര്‍ഡ് അടിക്കുന്ന തുക കൊണ്ട് മാഞ്ഞ് പോയ സീബ്ര ലൈനുകള്‍ പെയിന്റ് ചെയ്യാനുള്ള മനസെങ്കിലും ജനപ്രതിനിധികള്‍ കാണിച്ചു കൂടെ എന്ന് നാട്ടുകാര്‍ പരിഹസിക്കുന്നു. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.
ടൗണ്‍ ചുറ്റിയുള്ള പ്രകടനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യം
നഗരത്തിലെ ഗതാഗതക്കുരുക്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനയും ചെറുതല്ല. ടൗണ്‍ ചുറ്റിയുള്ള പ്രകടനങ്ങളും പാതയോരത്തെ പൊതുസമ്മേളനങ്ങളും സമ്മാനിക്കുന്നത് അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് തന്നെയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മാണ് മുമ്പില്‍. ലീഗ് തൊട്ടു പിറകിലും. റോഡിലുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ട വരിയാണ് പ്രകടനത്തിന്റെ വിജയം എന്ന് കണക്കാക്കുന്ന രാഷ്ട്രീയ നേതാക്കള്‍ കുരുക്ക് ഉണ്ടാക്കാന്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രത്യേകിച്ചും ഏറ്റവും തിരക്കേറിയ സമയം തന്നെയാണ് പ്രകടനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്നതും. വൈകുന്നേരം നടക്കുന്ന പല സമ്മേളനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും തീരാശാപമായി മാറിയിരിക്കുകയാണ്. പലരും വീട്ടില്‍ എത്തുമ്പോള്‍ തന്നെ ഏറെ വൈകും. ആഴ്ചയില്‍ രണ്ട് സമരമെങ്കിലും പെരിന്തല്‍മണ്ണയില്‍ സ്വാഭാവികമാണ്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ കോടതിപ്പടിക്കലാണ് സമ്മേളനങ്ങള്‍ ഏറെയും നടക്കുന്നത്. അതേസമയം ആളുകയറാത്ത തറയില്‍ ബസ് സ്റ്റാന്‍ഡിലോ തിരക്കില്ലാത്ത മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തോ ഇത്തരം സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തിക്കൂടെ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വകക്ഷി സമ്മേളനം വിളിച്ച് ഉചിതമായ തീരുമാനം എടുക്കുകയാണ് വേണ്ടത്. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ മുന്നിട്ട് ഇറങ്ങണം
അടിയന്തരമായി കുഴികള്‍ നികത്തണം
ടൗണില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് തിരിയുന്നത് തന്നെ കുഴിയിലേക്ക് വീണുകൊണ്ടാണ്. പെട്ടെന്ന് സിഗ്നല്‍ കിട്ടി വരുന്ന വാഹനങ്ങള്‍ പാലക്കാട് റോഡില്‍ നിന്ന് തിരിയുന്ന വാഹനങ്ങള്‍ ഈ കുഴിയില്‍ അകപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇനി കുഴി ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ അതില്‍ വീഴാതിരിക്കാനുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തണം. നഷ്ടമാകുന്ന ഈ സമയം കുരുക്കിന് കാരണമാകുന്നു. കോഴിക്കോട് റോഡിലെ ജൂബിലി ജംഗ്ഷനില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കിലെ പ്രധാന വില്ലനും കുഴികള്‍ തന്നെ. റോഡിന്റെ ഭൂരിഭാഗവും കുഴിയില്‍ കവര്‍ന്നെടുത്തിരിക്കുന്നു. മഴ പെയ്താല്‍ വെള്ളകെട്ട് വേറെയും. ടൗണിനോട് ചേര്‍ന്നുള്ള ഈ രണ്ട് കുഴികളെ പറ്റിയും നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തു. ജൂബിലി ജംഗ്ഷനിലെ കുഴിയില്‍ വാഴ നട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. ഇങ്ങനെ എത്രയോ വാഴകള്‍ കണ്ടിരിക്കുന്നു എന്ന മനോഭാവമാണ് അധികൃതര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: