തൃശൂര്‍: ശക്തന്‍നഗര്‍ ബസ് സ്റ്റാന്‍ഡിനു സമീപം മുണ്ടുപാലം റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കിടക്കുന്ന ബസില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൃതദേഹത്തിനു സമീപത്തുനിന്നും ഷര്‍ട്ടിന്റെയും മുണ്ടിന്റെയും അവശിഷ്്ടവും ഒരു കൊന്തയുമാണ് ലഭിച്ചത്. ഇവ പരിശോധനയ്ക്കെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്്ടം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ കോര്‍പറേഷന്റെ ശുചീകരണ വിഭാഗം തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. പൂര്‍ണമായും ജീര്‍ണിച്ച മൃതദേഹത്തില്‍നിന്നും രൂക്ഷമായ ഗന്ധം വമിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. ഹിമേന്ദ്രനാഥിന്റെ നിര്‍ദേശാനുസരണം എസിപി കെ.പി. ജോസ്, വെസ്റ്റ് സിഐ വി.കെ. രാജു, നെടുപുഴ എസ്ഐ എസ്. ഷാജി എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്കി.
വഴിയരികില്‍ ഉപേക്ഷിച്ചശേഷം ദ്രവിച്ചനിലയില്‍ കിടക്കുന്ന ബസ് മറയാക്കി ഈ പ്രദേശത്ത് കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളുന്നതും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായിരുന്നു. സമീപത്തെ ഫഌറ്റ് ഉടമകള്‍ കോര്പറേഷന് അധികൃതര്‍ക്കും പോലീസിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇവിടെ ഹോട്ടല്‍-കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളുന്നതുമൂലം തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
പൊന്തക്കാടുകള്‍ വളര്ന്നുനില്ക്കുന്ന ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ ആളനക്കമോ, വെളിച്ചമോ ഇല്ല. ഇതു മറയാക്കി അനാശാസ്യമടക്കമുള്ള പ്രവൃത്തികള്‍ ഈ ഭാഗത്ത് നടക്കുന്നുണ്ടെന്നാണ് സമീപവാസികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: