മാനന്തവാടി: ജില്ലയിലെ പ്രശസ്തമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിക വാവ് ബലിക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ദിനംപ്രതി നൂറുകണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്ക്കികവാവ് ദിവസം പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഒത്തുചേരുന്നത്.
ആഗസ്ത് രണ്ടിന് പുലര്‍ച്ചെ 2.30മുതല്‍ ആരംഭിക്കുന്ന ബലികര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരുമണിവരെ തുടരും. സബ്ബ് കലക്ടര്‍ ശീറാംസാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളും ക്ഷേത്രംട്രസ്റ്റി, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ യോഗംചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. അന്നേ ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനത്തിരക്ക് പരിഗണിച്ച് വിപുലമായ ട്രാഫിക് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇതനുസരിച്ച് ക്ഷേത്രത്തിലേക്കു പോകാനെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും കാട്ടിക്കുളത്ത് പാര്‍ക്ക്ചെയ്യണം. കാട്ടിക്കുളം മുതല്‍ തിരുനെല്ലി വരെ കെഎസ്ആര് ടിസിയും പ്രിയദര്‍ശിനി ബസ്സും ചെയിന്‍സര്‍വ്വീസ് നടത്തും.
ബലിസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി പാപനാശിനിയില്‍ പ്രത്യേക കൗണ്ടറുകളും ബലികര്മ്മംചെയ്യിക്കുന്നതിന് കൂടുതല്കര്മ്മികളേയും സജ്ജമാക്കിയിട്ടുണ്ട്.ഈദിവസം ബലിതര്‍പ്പണത്തിനായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അത്താഴവും പ്രഭാതഭക്ഷണവും ദേവസ്വം വക സൗജന്യമായി നല്‍കുന്നതാണെന്നും പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ടുവരുന്നതിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ബത്തേരി താലൂക്കിലെ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ എന്‍.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ തീരുമാനിച്ചു.
കര്‍ക്കടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബത്തേരി പഞ്ചായത്ത് സ്റ്റാന്റില്‍നിന്ന് പുലര്‍ച്ചെ നാല് മണിമുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കും. ക്ഷേത്രപരിസരത്തും മുത്തങ്ങ ചെക്പോസ്റ്റുകളിലും ബത്തേരി പഞ്ചായത്ത് ബസ്സ്റ്റാന്റിലും ആവശ്യമായ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും.
ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്സിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മുത്തങ്ങ മുതലുള്ള ചെക്പോസ്റ്റുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കി തീര്‍ഥാടനം സുഗമമാക്കുന്നതിനായി പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ചെക്പോസ്റ്റ് അധികൃതര്‍ എന്നിവരുടെ സേവനമുണ്ടാവും. ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ വൈദ്യുതി തടസ്സമില്ലാതെ ലഭിക്കാനുള്ള ക്രമീകരണം കെഎസ്ഇബിയും ചെയ്യും. നൂല്‍പ്പുഴ പിഎച്ച്സി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാക്കും.
യോഗത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, വിവിധ വകുപ്പ് മേധാവികള്‍, ക്ഷേത്രസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: