പത്തനംതിട്ട : ആറന്മുള പൈതൃകഗ്രാമത്തിലെ വിവാദ വിമാനത്താവള നിര്‍മ്മാണത്തിനെതിരേ നടന്ന സമരകാലത്തു പദ്ധതി പ്രദേശത്ത് സിപിഎം നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ച ഭൂരഹിത കുടുംബങ്ങള്‍ വഴിയാധാരമാകുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് പിന്‍വലിക്കാന്‍പോലും ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തയ്യാറാകാത്തതാണ് ഈ കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നല്കിയ ബിജെപി കേന്ദ്രഭരണത്തിലെത്തിയതോടെ വിമാനത്താവളത്തിനുള്ള അനുമതി നിഷേധിച്ചെങ്കിലും സംസ്ഥാന ഭരണത്തിലെത്തിയ ഇടതു മുന്നണി വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ആറന്മുളയിലെ വിവാദ വിമാനത്താവള പദ്ധതിയ്ക്ക് ഇനിയൊരിക്കലും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നല്‍കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ ദല്‍ഹിയില്‍ പറഞ്ഞിരുന്നു.
വ്യവസായ മേഖലാ പ്രഖ്യാപനം പോലും പിന്‍വലിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇനി തങ്ങള്‍ സമരഭൂമിയില്‍ താമസിക്കണോ എന്ന ചോദ്യമാണ് കുടുംബങ്ങള്‍ ഉയര്‍ത്തുന്നത്. വിമാനത്താവളത്തിനെതിരെ സമരം നടന്ന സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്ഥിരം സന്ദര്‍ശന വേദിയായിരുന്നു ഇവിടം. ദിവസേന ആഹാര സാധനങ്ങളുമായി എത്തി കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. വല്ലപ്പോഴും എത്തുന്നത് മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണെന്നും ഇവിടെയുള്ളവര്‍ പറയുന്നു.
പകല്‍ സമയത്ത് പുരുഷന്മാര് ജോലിക്കുപോകും. സ്ത്രീകള്‍ മാത്രമാണ് കുടിലുകളില്‍ ഉണ്ടാവുക. മഴക്കാലമായതോടെ ദ്വീപില്‍ അകപ്പെട്ട അവസ്ഥയിലാണ് ഇവിടുത്തുകാര്‍. ചുറ്റും വെള്ളമാണെങ്കിലും ഒരു തുള്ളിവെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ. കുടിവെള്ളം തലച്ചുമടായി പുറത്തുനിന്നും കൊണ്ടുവരണം. രാത്രിയില്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും ഇവിടെയില്ല. കുറ്റാകുറ്റിരുട്ടത്ത് മണ്ണെണ്ണ വിളക്കും കത്തിച്ചാണ് രാവ് കഴിച്ചുകൂട്ടുന്നത്. മഴ പെയ്താല്‍ കുടിലിനകം ചോര്‍ന്നൊലിക്കും. പുലര്‍ച്ചെവരെ ഉണര്‍ന്നിരിക്കാനെ കഴിയു. രാത്രി ഇഴജന്തുക്കളെ ഭയന്ന് കുടിലില്‍ കഴിച്ചുകൂട്ടാന്‍ പറ്റാത്ത അവസ്ഥ.
ഈ ദുരവസ്ഥ ആരോടുപറയണമെന്ന് ഈ പാവങ്ങള്‍ക്കറിയില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആറന്മുളയില് വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ വിമാനത്താവള വിരുദ്ധ സമിതിയുടേയും പൈതൃകഗ്രാമകര്മ്മസമിതിയുടേയും നേതൃത്വത്തില്‍ നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. പദ്ധതിക്കായി സ്ഥലത്തിന്റെ മുന്‍ ഉടമ മണ്ണിട്ട് നികത്തിയ സ്ഥലത്ത് ആദ്യം സിപിഎം കൊടി കുത്തി. തുടര്‍ന്നാണ് ഭൂരഹിതരായവരെ അവിടെ എത്തിച്ച് കുടില്‍കെട്ടിച്ച് താമസിപ്പിച്ചത്. പദ്ധതിക്കായി മണ്ണിട്ടുനികത്തിയ വയല്‍മേഖല ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. കെജിഎസ് കമ്പനിയുടെ വിമാനത്താവള പദ്ധതിക്കെതിരെ ആറന്മുള ഐക്കര ജങ്ഷന് കിഴക്കുമാറി സമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയപ്പോള്‍ അതിജീവനത്തിനായി കുടില്‍ കെട്ടിയുള്ള സമരവുമായി ഭൂരഹിതരും സര്‍ക്കാര്‍ നടപടിക്കെതിരെ അണിനിരന്നു. നൂറ്റിപത്ത് ദിവസം നീണ്ടുനിന്ന സമരം ഹരിത ട്രൈബ്യൂണലിന്റെ വിധിയോടെ അവസാനിച്ചെങ്കിലും കുടില്‍കെട്ടിയുള്ള പാവപ്പെട്ടവരുടെ സമരം ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ അച്ച്യുതാനന്ദന് സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ നല്കിയ അംഗീകാരം പോലും റദ്ദാക്കാന്‍ സിപിഎം നേതൃത്വം നല്കുന്ന ഇപ്പോഴത്തെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. അധികാരം കൈയില്‍ കിട്ടിയതോടെ കുടില്‍ കെട്ടി സമരം നടത്തിവരുന്ന ഭൂരഹിതരുടെ കാര്യം സര്‍ക്കാര്‍ മറന്നെന്ന് സമരക്കാര്‍ പറയുന്നു. ഇനി ഈ ദുരിത ഭൂമിയില്‍ കഴിഞ്ഞിട്ട് ഫലമില്ലെന്ന തിരിച്ചറിവ് സമരക്കാര്‍ക്കും തോന്നിതുടങ്ങിയിട്ടുണ്ട്. പദ്ധതി മേഖല വിട്ടൊഴിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: