കുറ്റിപ്പുറം: കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗവ.ഫീസില്‍ നിന്നും 4500 രൂപ അധികമായാണ് കോളേജ് അധികൃതര്‍ ഈടാക്കുന്നത്. 22500 രൂപയാണ് വര്‍ഷം ഒരു വിദ്യാര്‍ത്ഥി ഫീസായി അടയ്ക്കേണ്ടത്. കെഎംസിടി അധികൃതര്‍ 27000 രൂപയാണ് ഈടാക്കുന്നത്. പിഴയായി 24 ശതമാനവും ഈടാക്കുന്നുണ്ട്. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നായി 21,60,000 രൂപ ഓരോ വര്‍ഷവും അധികമായി പിരിച്ചെടുക്കുന്നുണ്ട്. ജൂലൈ ഒന്നിന് ഫീസ് അടക്കാത്ത 150 വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് നാലിന് ക്ലാസ് ബഹിഷ്കരിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. കുറ്റിപ്പുറം എസ്ഐയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ജൂലൈ ഏഴിന് ഫീസ് വര്‍ധനവും സസ്പെന്‍ഷനും ചര്‍ച്ച ചെയ്യാമെന്ന ധാരണയായിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ 11,12 തീയതികളില്‍ വിദ്യാര്‍ഥികള്‍ വീണ്ടും ക്ലാസ് ബഹിഷ്കരിച്ചു. 13ന് രക്ഷകര്‍തൃ യോഗം വിളിച്ച് 17നുള്ളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാമെന്ന ഉറപ്പ്് സ്ഥാപന അധികൃതര്‍ നല്കി. എന്നാല്‍ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് 18ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും കോളെജ് അനിശ്ചിതമായി അടക്കുകയുമായിരുന്നു. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തര ഇടപെടലാണ് വിദ്യാര്‍ഥികളുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.വിഷ്ണു, കെ. ആര്‍ദ്ര, എ.കെ.റംജീഷ്, പി. എസ്.സുദര്‍ശ്, എം.പി.നിസാമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: