ഗുരുവായൂര്‍: ക്ഷേത്രനടയില്‍ കുഴഞ്ഞുവീണ് മരിച്ച ഓവര്‍സീയറുടെ മകള്‍ക്ക് ആശ്രിത നിയമനം നല്കുന്നതിനാവശ്യമായ റിപ്പോര്‍ട്ട് നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പാവപ്പെട്ടവരുടെ പണത്തില്‍ നിന്നാണ് ശമ്പളം വാങ്ങുന്നതെന്ന കാര്യം മറക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി. പാവപ്പെട്ടവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് അവരുടെ അപേക്ഷകള്‍ നിരാകരിക്കുകയല്ല വേണ്ടത്. 2014 ജൂലൈ നാലിനാണ് ജോലിക്കിടെ ജീവനക്കാരന്കുഴഞ്ഞുവീണ് മരിച്ചത്. മരിച്ച ഭാസ്കരന്റെ ഭാര്യവനജ സമര്‍പ്പിച്ച പരാതിയിന്മേലാണ് മനുഷ്യാവകാശകമ്മീഷന് ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സി.വി.ഭാസ്കരന്റെ പെന്ഷന് ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. ഒരു വ്യാജകത്തിന്റെ പേരിലാണ് തന്റെ കുടുംബത്തെ വേട്ടയാടുന്നതെന്നായിരുന്നു വനജയുടെ പരാതിയില്‍ പറയുന്നത്. കണ്ടശ്ശാംകടവ് സ്വദേശിയായ ഒരാള്‍ മരിച്ചത് സി.ബി.ഭാസ്കരന് അല്ലെന്നും സഹോദരന് സി.ബി.രാജനാണെന്നും ആരോപിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഒരു കത്ത് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രാജനും ഭാസ്കരനും ഒരാളാണെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിനല്കുവാന് അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദ്ദേശിക്കുകയും അത് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാസ്കരന്റെ മകള്‍ രമ്യ രാജന് ആശ്രിത നിയമനം നല്കാന് ദേവസ്വം ഭരണസമിതി തീരുമാനിച്ചെങ്കിലും കമ്മീഷണറായ തൃശൂര്‍ ജില്ലാകളക്ടര്‍ അതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ദേവസ്വം അഡീഷണല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. 2014 ഡിസംബര്‍ ഒന്നിന് ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് 2016 മാര്‍ച്ച് 31ന് കത്തയച്ചു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കാതെ ഇക്കാര്യം പരിഗണിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയം സംബന്ധിച്ച് ആഗസ്റ്റ് മൂന്നിനകം കളക്ടര്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: