കുട്ടിക്കാലത്ത തറവാട്ടിലുണ്ടായിരുന്ന ഒരാചാരം നാം ഓര്‍ക്കുന്നുണ്ടാവും. രാവിലെ എണീറ്റാലുടന്‍ ഭൂമിയെ കൈതൊട്ടു വന്ദിക്കുക: സകല ചരാചരങ്ങളുടെയും ആധാരമായ ഭൂമീദേവിയെ നന്ദിപൂര്‍വ്വം നമിക്കുക. അന്ധവിശ്വാസമെന്ന് ബുദ്ധിജീവികള്‍ ഇതിനെ വിളിച്ചേക്കാം.പക്ഷേ മുന്നേ നടന്നവര്‍ നമ്മെ പഠിപ്പിച്ചത് ഇതൊരു പുണ്യകര്‍മ്മമാണെന്നാണ്.
ഭൂമിയെ അമ്മയായി കരുതി നാം കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് ക്ഷമചോദിക്കുന്ന ആചാരം. അഥവാ സര്‍വ്വം സഹയായ ഭൂമിയോടും അതിലെ എണ്ണിയാലോടുങ്ങാത്ത ജീവജാതികളോടും ക്ഷമചോദിക്കുന്ന അനുഷ്ഠാനം!
നന്മയെക്കുറിച്ചും നന്മനിറഞ്ഞ ചുറ്റുവട്ടത്തെക്കുറിച്ചുമാണ് എല്ലാ രാവിലെകളിലും നാം ചിന്തിക്കുക. പക്ഷേ,എല്ലാ നന്മകളുടെയും പ്രതീകമായ ഭൂമിയെ നാം മറന്നിരിക്കുന്നു. ഭൂമിയുടെ അന്തരീക്ഷം അനുനിമിഷം നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും മുച്ചൂടും വെട്ടിത്തകര്‍ത്ത് അതിന്റെ ചുടലക്കാട്ടില് മണിമന്ദിരങ്ങള്‍ ഉയര്‍ത്താനും തത്രപ്പാടിലാണ് മനുഷ്യന്. കുടിക്കുന്നവെള്ളവും കഴിക്കുന്ന ഭക്ഷണവും പോലും, നാം വിഷമയമാക്കിക്കഴിഞ്ഞു.
അതിന്റെ ഫലമായി പേരറിയാരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. അസഹ്യമായ ചൂടിലും തണുപ്പിലും കടലുകള്‍ ക്ഷോഭിക്കുന്നു. കാടുകളില്‍ തീപടരുന്നു.
പക്ഷേ അതൊന്നും നമ്മെ ഒന്നും പഠിപ്പിച്ചില്ല. നാടായ നാട്ടിലെ കാടായകാടൊക്കെ വെട്ടി തടിയാക്കി വിറ്റത് നമ്മുടെസഹോദരര്‍. പുഴകളിലെ പഞ്ചാര മണലത്രയും ഊറ്റിയെടുത്ത് പുഴയെകൊന്നതും അവര്‍ തന്നെ. പിന്നെ കുന്നുകളാകെ ഇടിച്ചുനിരത്തി കുടിവെള്ളം വറ്റിച്ചു. അവിടെ നിന്നുകിട്ടിയ മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങളെ നികത്തി മാളികകള്‍ കെട്ടി. കൊന്നുംകൊലവിളിച്ചും ജൈവവൈവിധ്യം വെട്ടിതുലച്ചു.
വരള്‍ച്ച സംഹാരതാണ്ഡവം നടത്തുമ്പോള്‍ പോലും, കായലിനെയും കടലിനെയും വരെ വില്‍പ്പനച്ചരക്കാക്കാനാണ് നമുക്കിഷ്ടം. മുട്ടയിടാനിടം തേടി അലയുന്ന അമ്മക്കിളികളുടെ വിലാപം നമ്മെതെല്ലും വേദനിപ്പിക്കുന്നില്ല. കാടുനശിച്ചപ്പോള്‍ കൂടുതേടി നാട്ടിലിറങ്ങിയ വന്യമൃഗങ്ങളുടെ രോദനം നാം കേള്‍ക്കുന്നില്ല. യന്ത്രവലകള്‍ കോരിയെടുത്ത കോടാനുകോടി മുട്ടകളില്‍ പൊലിഞ്ഞ മീന്‍കുഞ്ഞുങ്ങളുടെ ജീവനിശ്വാസവും നമ്മെ സ്പര്‍ശിക്കുന്നില്ല.
പ്രഭാതകാലത്തെണീറ്റ് സര്‍വ്വംസഹയായ ഭൂമിമാതാവിനെ വന്ദിക്കാന്‍ മുത്തശ്ശിമാര്‍ പഠിപ്പിച്ചതിന്റെ പ്രസക്തി ഇനിയെങ്കിലും നാം അറിയണം. ജനപഥങ്ങളിലുടനീളം വിശുദ്ധ വനങ്ങളും കാവുകളും വളര്‍ത്താന്‍ പഠിപ്പിച്ചതിന്റെ അര്‍ത്ഥമറിയണം. ഓരോ മരവും വെട്ടും മുന്‍പ് അതിനോടും അതില്‍ അധിവസിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ജീവസഞ്ചയത്തോടും അനുവാദം ചോദിക്കണമെന്ന് പറഞ്ഞത് എന്തിനെന്ന് മനസിലാക്കണം.
ആയിരം തടാകങ്ങള്‍ ഒരു പുത്രന് സമമാണെന്നും അത്തരം പത്ത്പുത്രന്മാര്‍ ഒരു വൃക്ഷത്തിന് സമമാണെന്നും പേര്‍ത്തും പേര്‍ത്തും പഠിപ്പിച്ചത് എന്തിനെന്ന് അറിയണം. പക്ഷേ നമുക്ക്ഭൂമി ഒരുപണയപ്പണ്ടം മാത്രമാണ്. ക്രയവിക്രയം നടത്താന്‍ പറ്റിയ ഒരുപണ്ടം. ഭൂമിയിലെ സകലമാന ജീവജാലങ്ങളും ജൈവ വൈവിധ്യവും നമ്മുടെ കളിപ്പാട്ടങ്ങളും!.അന്നൊരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് റെഡ് ഭാരത വംശജരുടെ സിയാറ്റില്‍ ഗോത്രഭൂമി വിലയ്ക് ചോദിച്ച കഥ ഓര്‍ക്കുക. ഭൂമിയെ നമുക്കെങ്ങിനെ വില്ക്കാനാവുമെന്നാണ് അന്ന് സിയാറ്റില്‍ മൂപ്പന് ചോദിച്ചത്രെ.
കാരണം അത് തങ്ങളുടേതല്ല. മിന്നുന്ന ഓരോ പൈന്‍മരത്തുമ്പുകളും മുരളുന്ന കീടങ്ങളും തന്റെ ജനതയുടെ ഓര്‍മ്മകളിലും അനുഭവങ്ങളിലും എന്നെന്നും പുണ്യദായകമാണെന്ന് അദ്ദേഹം പറഞ്ഞു. ”സുഗന്ധവാഹികളായ പൂക്കള്‍ ഞങ്ങളുടെ സഹോദരിമാരാണ്. കരടിയും മാനും കഴുകനുമൊക്കെ ഞങ്ങളുടെ സഹോദരന്മാരാണ്. ഈ പുഴകളിലൂടെ ഒഴുകുന്ന ജലം ഞങ്ങളുടെ പൂര്‍വ്വികരുടെ ജീവരക്തമാണ്”… അവയൊക്കെ വില്ക്കാന് തങ്ങള്‍ക്കധികാരമില്ലെന്ന് ഗോത്രമൂപ്പന് പറഞ്ഞത് നാം ചെവിതുറന്ന് കേള്‍ക്കണം.
നോക്കൂ! ദാഹം ശമിപ്പിക്കുന്ന നമ്മുടെ നദികളെ സഹോദരന്മാരായി കാണാന്‍ നമുക്കെന്നാണ് സാധിക്കുക?. ശുദ്ധവായു നിറഞ്ഞ അന്തരീക്ഷത്തെ ആത്മാവിന്റെ ഭാഗമായി കണക്കാക്കാന്‍ നമുക്കെന്നാണ് കഴിയുക?. സസ്യജാലങ്ങളെയും ജന്തുസമ്പത്തിനെയും കൂടപ്പിറപ്പായി കാണാനുമുള്ള അകക്കണ്ണ് എന്നാണ് നമുക്ക് ലഭിക്കുക. അതറിയുന്ന കാലത്തേ നാം വിവേകികളാവൂ.
പക്ഷേ ഇതുവല്ലതും നമുക്ക് മനസ്സിലാവുമോ?.
നാം പ്രകൃതിയുടെ ഭാഗമാണെന്നും അതിനെ ചൂഷണം ചെയ്യാന്‍ നമുക്കവകാശമില്ലയെന്നും ഒക്കെ. പ്രകൃതിയെ മുറിച്ചുതള്ളുമ്പോള്‍, പ്രകൃതിയുടെ സമ്പത്തായ ആറ്റുമണലും വെള്ളവുമൂറ്റി പടുകൂറ്റന്‍ മണിമാളികകള്‍ നിര്‍മ്മിക്കുമ്പോള്‍. തറവാട്ട് പറമ്പിലെ കാവുകള്‍ വെട്ടി മാളുകള്‍ കെട്ടുമ്പോള്‍… ചക്കരമാവും തേന്‍വരിക്കയുമൊക്കെ വെട്ടിനിരത്തി ബോണ്‍സായികളെ നിരത്തുമ്പോള്‍… കുന്നുകളിടിച്ച് കുളങ്ങള്‍മൂടി അഡ്വഞ്ചര്‍ പാര്‍ക്ക് തീര്‍ക്കുമ്പോള്‍…തറവാടിന്റെ തിരുമുറ്റം തുള്ളിവെള്ളമിറങ്ങാത്ത വിധം തറയോട്പാകി സിമന്റിടുമ്പോള്‍, ഒക്കെ നാം ഒരുനിമിഷം ചിന്തിക്കുക. ഭൂമി അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് നമുക്ക് രക്ഷ. ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: