പത്തനംതിട്ട : ശബരിമല തീര്‍ഥാടനക്കാലം തുടങ്ങുന്നതിനുമുമ്പ് പന്തളം കുറുന്തോട്ടയം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായേക്കും. പുനര്‍നിര്‍മാണത്തിന് പാലം അടച്ചതോടെ എംസി റോഡിലുണ്ടായിരിക്കുന്ന ഗതാഗതതടസം അടിയന്തരമായി പരിഹരിക്കേണ്ടതുള്ളതിനാല്‍ ജോലികള്‍ വേഗത്തിലാക്കാന്‍ ജനപ്രതിനിധികള്‍ അടക്കം സമ്മര്‍ദം ചെലുത്തിവരികയാണ്.
ശബരിമല തീര്‍ഥാടനകാലം തുടങ്ങുന്ന നവംബര്‍ 16ന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള കഠിനപ്രയത്നത്തിലാണ് കരാറുകാരായ പ്രശാന്ത് കണ്‍സ്ട്രക്ഷന്‍സ്. ആറ് മാസമാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്ന സമയപരിധി. ഇത് കണക്കാക്കിയാല്‍ ജനുവരിയോടെയേ നിര്‍മാണം പൂര്‍ത്തീകരിക്കാനാവൂ. തീര്‍ഥാടനകാലം അവസാനിക്കുന്നതും ഇതേ സമയത്താണ്. തീര്‍ഥാടനകാലയളവില്‍ ഉപവഴികളിലൂടെയുള്ള യാത്ര ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് അധികൃതരും ഉറപ്പിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരും കരാര്‍ കമ്പനി അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ശബരിമല തീര്‍ഥാടനകാലത്ത് പന്തളത്തുണ്ടാകുന്ന തിരക്കു കണക്കിലെടുത്ത് പാലം പൂര്‍ത്തിയായില്ലെങ്കില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുമെന്ന് അധികൃതര്‍ വിലയിരുത്തി.
രാപകലില്ലാതെ പാലത്തിന്റെ ജോലികള്‍ തുടരാനാണ് ആലോചന. കഴിഞ്ഞ 12നാണ് പാലം പൊളിച്ചു തുടങ്ങിയത്. നാല് ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കാമെന്നായിരുന്നു കരാറുകാരുടെ പ്രതീക്ഷ. എന്നാല്‍, അടിത്തട്ടിലെ കോണ്‍ക്രീറ്റ് അടിത്തറ അടക്കം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ പത്ത് ദിവസത്തോളമെടുത്തു. പൈലിംഗ് ജോലികള്‍ ഉടന്‍ തുടങ്ങും. പാലത്തിന് ഇരുവശങ്ങളിലായി ആകെ 24 പൈലുകളാണ് വേണ്ടത്. ഇത് പൂര്‍ത്തിയാകാന്‍ ഒരു മാസം വേണ്ടി വരും. ഇരുകരകളിലായി നിര്‍മിക്കുന്ന രണ്ട് തൂണുകളിലാവും പാലം സ്ഥാപിക്കുക. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ കൊണ്ട് ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
സ്ഥപരിമിതിയാണ് കരാറുകാരെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന പ്രശ്നം. പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കാന്‍ സ്ഥലം കുറവാണ്. സമീപം തന്നെ സമാന്തരപാത ക്രമീകരിച്ചിരിക്കുന്നതിനാല്‍ ആള്‍ത്തിരക്കിനിടയിലൂടെ വേണം വാഹനത്തില്‍ ഇത് നീക്കം ചെയ്യാന്‍. ചുറ്റുമായി കാഴ്ചക്കാര്‍ തമ്പടിക്കുന്നതും പ്രശ്നമായി കഴിഞ്ഞു. വേഗത്തിലുള്ള നിര്‍മാണ ജോലികള്‍ക്ക് ഇത്തരത്തിലുള്ള തടസങ്ങളാണ് വലിയ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: