പുതുക്കാട്: അപകടത്തില്‍ തകര്‍ന്ന കുറുമാലി പാലത്തിന്റെ കൈവരികള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചു തുടങ്ങി.അപകടം നടന്ന് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ടോള്‍ കമ്പനി കൈവരികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.45 വര്‍ഷത്തിലേറെ പഴക്കമുള്ള കൈവരികള്‍ ബലപ്പെടുത്തി നിര്‍മ്മിക്കുന്നതിന് പകരം കൈവരികള്‍ പഴയ രൂപത്തില്‍ തന്നെയാണ് ടോള്‍ കമ്പനി പുനര്‍നിര്‍മ്മിക്കുന്നത്.പാലത്തിന്റെ മദ്ധ്യഭാഗത്തായി പത്ത് മീറ്റര്‍ നീളത്തിലാണ് കൈവരികള്‍ തകര്‍ന്നത്. ഒരു വര്‍ഷത്തിനിടെ രണ്ട് അപകടങ്ങള്‍ നടന്ന് തകര്‍ന്ന പാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്തി നിര്‍മ്മിക്കണമെന്നും നടപ്പാത ഉയരം കൂട്ടണമെന്ന ആവശ്യവും നിലനില്‍ക്കെയാണ് ടോള്‍ കമ്പനി നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.അപകടങ്ങള്‍ക്ക് കാരണമാകുന്ന പാലത്തിന്റെ നടപാത ഉയരം കൂട്ടി നിര്‍മ്മിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. വാഹനയാത്രക്കാര്‍ക്ക് യാതൊരുവിധ സുരക്ഷയും ഒരുക്കാതെയാണ് കൈവരികള്‍ ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തുന്നത്.അപകടം നടന്ന ദിവസം മുതല്‍ തകര്‍ന്ന കൈവരിയുടെ ഭാഗത്ത് വടിയില്‍ റിബണ്‍ വലിച്ച് കെട്ടിയാണ് ടോള്‍ കമ്പനി യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കിയത്.
കാല്‍നട യാത്രക്കാര്‍ പോലും ഭീതിയോടെയാണ് പാലത്തിലൂടെ കടന്ന് പോകുന്നത്.നിരവധി തവണ യാത്രക്കാര്‍ പരാതി അറിയിച്ചെങ്കിലും പോലീസും ടോള്കമ്പനിയും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ധ്രുതഗതിയില്‍ കൈവരിയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിന് പകരം വിരലിലെണ്ണാവുന്ന തൊഴിലാളികളെ വച്ചാണ് ഇപ്പോഴും നിര്‍മ്മാണം നടക്കുന്നത്. കുറുമാലി പാലത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ടോള്‍ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കമ്പനിയുടെ അനാസ്ഥയെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ പത്ത് പേരുടെ ജീവനാണ് പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: