സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം
വടക്കാഞ്ചേരി: ഓട്ടുപാറ മാവേലി സ്റ്റോറിന് സമീപം കഴിഞ്ഞ ദിവസം ഗോള്‍ഡ് കവറിങ്ങ് സ്ഥാപനത്തില്‍ മോഷണം നടത്തിയ ആള് സിസിടിവിയില്‍ കുടുങ്ങി. എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും കടത്തിവെട്ടിയാണ് മോഷ്ടാവ് സ്ഥാപനത്തിനകത്തേക്ക് പ്രവേശിച്ചത്.
എന്നാല്‍ കടയില്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു സിസിടിവി ഇയാളുടെ ദൃഷ്ടിയില് പെട്ടിരുന്നില്ല. അതിനാല്‍ മോഷ്ടാവ് കടക്ക് അകത്ത് കയറുന്നതും അവിടെ ചെയ്തതുമായ എല്ലാദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ചിറ്റണ്ട സ്വദേശിയായ ഷിയാസിന്റേതാണ് സ്ഥാപനം. മൂന്ന് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. 20ന് പുലര്‍ച്ചെ 5.30നാണ് ഇയാള്‍ തോള്‍സഞ്ചിയും കയ്യില്‍ ഒരു ടോര്‍ച്ചുമായി കടക്കുള്ളിലേക്ക് പ്രവേശിച്ചത്.
തുടര്‍ന്ന് ടോര്‍ച്ച് വെളിച്ചത്തില്‍ ഓരോ ആഭരണവും പരിശോധിക്കുകയും തനിക്ക് ആവശ്യമുള്ളത് മാത്രം സഞ്ചിയില്‍ വെക്കുന്നത് ആണ് ക്യാമറയില്‍ പകര്‍ന്നിട്ടുള്ളത്. വെളുത്ത് സുമുഖനായ കണ്ണടധാരിയായ ചെറുപ്പക്കാരനാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടൗണിലെ കടകളില്‍ തുടര്‍ച്ചയായി മോഷണം നടക്കുന്നതില്‍ വ്യാപാരികള്‍ ആശങ്കാകുലരാണ്. പോലീസ് പട്രോളിങ്ങ് ഏര്‍പ്പെടുത്തണമെന്ന് ഏകോപനസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: