പാലക്കാട്: അധികൃതരുടെ അനാസ്ഥമൂലം പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറിലധികം വനവാസികുട്ടികളുടെ ഭാവിപഠനം അനിശ്ചിതത്വത്തില്‍. പ്ലസ് വണ്ണിന്റെ നാലാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും അടപ്പാടിയിലെ വിവിധ ഊരുകളിലായി നൂറിലധികം കുട്ടികള്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് നെട്ടോട്ടമോടുകയാണ്.
കഴിഞ്ഞവര്‍ഷവും ഇതേപ്രശ്നത്തെ തുടര്‍ന്ന് വനവാസി സംഘടനയായ തമ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് സര്ക്കാര്ഇടപെടുകയുണ്ടായി. തുടര്‍ന്ന് കൂടുതല്‍ സീറ്റ് അനുവദിച്ചെങ്കിലും ഓണപരീക്ഷയടുത്തതിനാല് പലകുട്ടികളും സ്കൂളില്‍ ചേര്‍ന്നില്ല.
കഴിഞ്ഞവര്‍ഷം സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അറുപതിലധികം കുട്ടികള്‍ ഉപരിപഠനം ഉപേക്ഷിക്കുകയുണ്ടായി.ഇതിലെ ചിലര്‍ക്ക് ഈവര്‍ഷവും സീറ്റ് ലഭിച്ചിട്ടില്ല.2011ല്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ദാമല ഊരിലെ വിദ്യാര്‍ത്ഥിനിയായ ശാന്തി ആത്മഹത്യ ചെയ്തിരുന്നു.
പ്ലസ് വണ്‍, ബിരുദ വിഷയങ്ങളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം അട്ടപ്പാടി ആദിവാസിമേഖലകളിലെ കുട്ടികള്‍ ഉപരിപഠനം ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മേഖലയെസംബന്ധിച്ചിടത്തോളം തദ്ദേശമേഖലകളിലെ വിദ്യാലയങ്ങളില്‍ മാത്രമാണ് കുട്ടികള്‍ ഓണ്‍ലൈന്‍വഴി ഏകജാലകത്തിന് അപേക്ഷ സമര്‍പ്പിച്ചത്. അട്ടപ്പാടിയില്‍ മൂന്ന് ഗവ.ഹയര്‍സെക്കന്റി സ്കൂളുകളും, രണ്ട് മാനേജ്മെന്റ് സ്കൂളുകളുമാണ് ഉള്ളത്.
ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പരീക്ഷയെഴുതിയ 940 പേരില്‍ 815 പേര് ഉപരിപഠനത്തിന് അര്‍ഹതനേടി. ഈ മേഖലയിലെ 19 ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കുന്ന 199 വനവാസിവിഭാഗത്തിലെ കുട്ടികളില്‍ 183 പേരും ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.
ഇവയിലാകെ 600 സീറ്റ് മാത്രമാണ് ഈ മേഖലയിലുള്ളത്. ജയിച്ചവരുടെ എണ്ണത്തേക്കാല്‍ 215 സീറ്റുകള്‍ കുറവാണ് ഇവിടെയുള്ളത്. ഹയര്സെക്കണ്ടറിക്ക് ഏകജാലകരീതിയില്‍ പ്രവേശനം നല്കുമ്പോള് വിദ്യാര്‍ഥിയുടെ മികവും നേട്ടങ്ങളും മാത്രമാണ് മാനദണ്ഡമാവുന്നത്. സംവരണക്രമം പാലിക്കുമ്പോഴും വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് പഠനസൗകര്യം കിട്ടുന്നത്. ഈ അവസ്ഥയിലാണ് നല്ലൊരുപങ്ക് വനവാസിവിഭാഗക്കാരായ കുട്ടികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടിവരുന്നത്.
അട്ടപ്പാടിയിലെ ചോലിക്കാട് ഊരില്‍ ആറും, കക്കുപ്പടി ഊരില്‍ മൂന്നും, കള്ളമലയില്‍ അഞ്ചും പട്ടാമാളം ഊരില്‍ നാലുപേരും ഉള്‍പ്പെടെ വിവിധ ഊരുകളിലായി നിരവധിപ്പേരാണ് അഡ്മിഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: