കെ.ജി.രാധാകൃഷ്ണന്
ഗുരുവായൂര്‍: ദേവസ്വത്തിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വേങ്ങാട് ഗോകുലം എസ്റ്റേറ്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന നിരവധി ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിക്കൊണ്ടുപോയി.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതി കൊടുക്കാന്‍ പോലും ദേവസ്വം ഭരണാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല. 95 ഏക്കറോളം വരുന്ന ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വേങ്ങാട് എസ്റ്റേറ്റില്‍ ആണ് ദേവസ്വം് ഗോശാലയും സ്ഥിതി ചെയ്യുന്നത്.റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്താണ് നൂറുകണക്കിന് പശുക്കളെകെട്ടാനുള്ള തൊഴുത്തുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുറച്ചു ഭാഗം മൊട്ടക്കുന്നുകളും ബാക്കി വനപ്രദേശവുമായിട്ടാണ് കിടക്കുന്നത്.ഈ ഭാഗത്തുനിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചു കൊണ്ടു പോയിരിക്കുന്നത്.
ഇലക്ട്രിക് വാളുകള്‍ ഉപയോഗിച്ച് ചന്ദന മരങ്ങള്‍ മുറിച്ചു വീഴ്ത്തിയതിനു ശേഷം തലപ്പുഭാഗം മുറിച്ച് മാറ്റി അവിടെ തന്നെ ഉപേക്ഷിച്ച് ചന്ദനത്തടികള്‍ മാത്രം കൊണ്ടുപോയിരിക്കുകയാണ്.നിരവധി ചന്ദന മരങ്ങളാണ് ഈ വിധത്തില്‍ ഇവിടെ നിന്നും കടത്തിക്കൊണ്ടു പോയിരിക്കുന്നത്.
ഇതിന് മുമ്പും പലതവണ ചന്ദന മരങ്ങള്‍ ഇവിടെ നിന്നും മോഷണം പോയിട്ടുണ്ട്. എന്നാല്‍ വേണ്ട വിധം അന്വേഷണം നടത്തുവാനോ മോഷ്ടാക്കളെ പിടികൂടുവാനോദേവസ്വം ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് ഉത്തരത്തില്‍ മോഷണം ആവര്‍ത്തിക്കുവാന്‍ കാരണമായി പറയുന്നത്.ദേവസ്വം ഭരണസമിതിയുടെ ശിക്ഷണത്തിന്റെ ഭാഗമായിട്ടാണ് വേങ്ങാട് എസ്റ്റേറ്റിലേക്ക് ജീവനക്കാരെ അയക്കുന്നത് ഇതു കൊണ്ടു തന്നെ ഇവിടെ എത്തിപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഒരു കാര്യത്തിലും വേണ്ട താല്പര്യം എടുക്കാറില്ലത്രെ. ഇപ്പോള്‍ വേങ്ങാട് എസ്റ്റേറ്റിലെ മരങ്ങളുടെ കണക്കുകള്‍ എടുത്തു കൊണ്ടിരിക്കുകയാണ്.
കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുന്നേ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തുക എന്ന ലക്ഷ്യമാണ് ഈ മാഫിയകള്ക്കുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ എസ്റ്റേറ്റില്‍ എന്തൊക്കെ മരങ്ങള്‍ ഉണ്ട് എന്നതിനെ കുറിച്ചോ എത്ര പശുക്കള്‍ ഉണ്ട് എന്നതിനെ കുറിച്ചോ യാതൊരു കണക്കുകളും ദേവസ്വം അധികൃതരുടെ കൈവശം ഇല്ല എന്നതാണ് ഭക്തജനങ്ങളെ അതിശയിപ്പിക്കുന്നത്.ഇതിനു മുന്നേ പശുക്കളെനഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: