കാഞ്ഞങ്ങാട്: ലോകഗുരുവായ വ്യാസന്റെ ജന്മദിനം ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ജില്ലയിലെ വിവിധ സ്കൂളുകളില്‍ ഗുരൂപൂര്ണിമയായി ആഘോഷിച്ചു. സ്കൂളുകളില്‍ ഗുരുപൂജയും വ്യാസന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടന്ന ഗുരൂപൂര്ണിമ അഘോഷത്തില്‍ വിശ്വഹിന്ദു പരിഷത് ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ ഗുരൂപൂര്ണിമയുടെ പ്രധാനാധ്യത്തെപ്പറ്റി കുട്ടികളോട് സംസാരിച്ചു. ഗുരുപൂര്‍ണിമ ആഘോഷത്തില്‍ വിശിഷ്ടാതിഥികളായെത്തിയ റിട്ട. ഡിഡിഇ ശ്രീകൃഷ്ണ അഗ്ഗിത്തായ, ദുര്‍ഗ ഹൈസ്കൂളില്‍ നിന്നും വിരമിച്ച ജാനു ടീച്ചര്‍, വിവേകാനന്ദ വിദ്യാമന്ദിരത്തിലെ മുന്‍ പ്രധാനാധ്യാപകന് ദണ്ഡപാണി മാസ്റ്റര്‍, മുന്‍ അധ്യാപകന് രാജഗോപാല്‍ എന്നിവരെ ഗുരുപൂജ നടത്തി ആദരിച്ചു. കെ.വി.ഗോവിന്ദന്, പി.ഉണ്ണികൃഷ്ണന് സംബന്ധിച്ചു. പ്രധാനാധ്യാപിക എം.ശശികല സ്വാഗതം പറഞ്ഞു.
നെല്ലിത്തറ: ഗുരുപൂര്‍ണിമയോടനുബന്ധിച്ച് നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ ഗുരുപൂജയും രാമായണ പാരായണവും സംഘടിപ്പിച്ചു. ഗുരുവിന്റെ മഹത്വത്തെക്കുറിച്ചും രാഷ്ട്രപതി ആയിരുന്നപ്പോള്‍ എ.പി.ജെ അബ്ദുള്കലാമിനോടൊപ്പം കഴിയുമ്പോഴുണ്ടായ അനുഭവവും ദല്‍ഹി കോംപ്ട്രോളറായിരുന്ന റിട്ട. കേണല്‍ അശോക് കിണി വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. എ.പി.ജെ അബ്ദുള്‍ കലാമിനെ മാതൃകയാക്കി രാഷ്ട്രത്തിനുവേണ്ടി കര്‍മ്മനിരതരാവാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പി.കുമാരന് മാസ്റ്റര്‍ അദ്ധ്യാത്മ രാമായണത്തിലെ ‘ലക്ഷ്മണോപദേശം’ പാരായണം ചെയ്ത് രാമായണ മാസാചരണത്തിനു തുടക്കം കുറിച്ചു. വേദവ്യാസ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ച നടത്തിയ വിദ്യാര്‍ത്ഥികള്‍ കേണല്‍ അശോക് കിണി, പ്രധാനാധ്യാപകന് എം.വി. ചന്ദ്രന്, പി.കുമാരന് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി പി.ദിവാകരന് ചടങ്ങില്‍ സംബന്ധിച്ചു. പ്രധാനാധ്യാപകന് എം.വി.ചന്ദ്രന് സ്വാഗതവും വിദ്യാലയസമിതി സെക്രട്ടറി എം.ജയകുമാര്‍ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍: വ്യാസ പൗര്‍ണമിയോടനുബന്ധിച്ച് തൃക്കരിപ്പൂര്‍ ശ്രീ ചക്രപാണി വിദ്യാമന്ദിരത്തില്‍ ഗുരുപൂജ നടത്തി. അഗ്നി ഹോത്രം തെളിച്ചതിന് ശേഷം നടന്ന ചടങ്ങില്‍ വെച്ച് റിട്ട:അദ്ധ്യാപകരായ കെ.മാധവന് മാസ്റ്റര്‍, കെ.ഭാസ്കരന് മാസ്റ്റര്‍, പി.കെ.മാധവന് മാസ്റ്റര്‍, പി.രാമചന്ദ്രന് മാസ്റ്റര്‍ എം.ലക്ഷ്മി ടീച്ചര്‍ എന്നിവരെ ഗുരുപൂജ ചെയ്ത് ആദരിച്ചു. കെ.വി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രന്, കെ.രാജന് സംസാരിച്ചു. കലാലയങ്ങളില്‍ ദേശദ്രോഹ മുദ്രാവാക്യവും അസഭ്യവര്‍ഷവും നടക്കുന്ന ഈ കാലഘട്ടത്തില്‍ ഭാരതീയ വിദ്യാനികേതന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കെ.ഭാസ്കരന് പറഞ്ഞു. തുടര്‍ന്ന് സ്കൂളില്‍ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ബന്തടുക്ക: ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ നടന്ന ഗുരുപൂര്‍ണിമ ചടങ്ങില്‍ ബന്തടുക്കയിലും സമീപത്തെ പൊതുവിദ്യാലയങ്ങളിലും സേവനം ചെയ്ത് പ്രധാനാധ്യാപകരായി വിമരിച്ചവരെ ആദരിച്ചു. ഇരുപതോളം അധ്യാപകരെയാണ് കുട്ടികളും അധ്യാപകരും പാദപൂജ ചെയ്ത് പൊന്നാടയണിയിച്ച് തിലകം ചാര്‍ത്തി ആദരിച്ചത്. തുടര്‍ന്ന് അവരുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗുരുവിന്റെ സ്ഥാനം, മഹത്വം എന്നിവ കുട്ടികള്‍ക്ക് അനുഭവ യോഗ്യമായി. വിദ്യാലയ അധ്യാപകന് കുഞ്ഞിരാമന് നായര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് നാരായണന് മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.എന്‍.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഔഷധ സസ്യമായ ലക്ഷ്മി തരുനല്കി പരിസ്ഥിതി സന്ദേശവുമായാണ് ഗുരുക്കന്മാരെ കുട്ടികള്‍ സരസ്വതി വിദ്യാലയത്തില്‍ നിന്നും യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: