അടൂര്‍: പട്ടികജാതി വിദ്യാര്‍ത്ഥി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും അടൂര്‍ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിനോടും അധികൃതരുടെഅവഗണന. നാലാം വാര്‍ഡിലുളള പ്രീ മെട്രീക്ക് ഹോസ്റ്റലിനു ചുറ്റും കാടു കയറി. വിവിധ പ്രദേശങ്ങളില്‍ നിന്നു പഠനത്തിനായി വരുന്ന നിര്‍ധനരായ പട്ടികജാതി പെണ്‍കുട്ടികളാണ് പ്രീ മെട്രീക്ക് ഹോസ്റ്റലില്‍ താമസിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്. 30 ഓളം കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നുണ്ട്. ചെറിയ ഇരുനില കെട്ടിടമാണ് ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്നത്. ചെറിയ രണ്ട് കട്ടിലുകള്‍ ചേര്‍ത്തിട്ട് അതില്‍ മൂന്ന് കുട്ടികള്‍ വീതമാണ് ഉറങ്ങുന്നത്. ഹോസ്റ്റലിന്റെ ഒരു വശം വയലും മറുവശം കനാലുമായതിനാല് ഇവിടെ വെളളം കെട്ടി നിന്ന് കൊതുക് പെരുകുന്നു. കൊതുക് ശല്യം മൂലം പകര്‍ച്ചവ്യാധി രോഗസാധ്യതയുമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തില്‍ തന്നെ ഇവിടെ ട്യൂഷന് ആരംഭിച്ചിരുന്നു. എന്നാല്‍ ഈ അധ്യയനവര്‍ഷം ജൂലൈ പകുതിയായിട്ടും ട്യൂട്ടര്‍മാരെ നിയമിച്ചിട്ടില്ല. ഹോസ്റ്റലിലെ കുട്ടികള്‍ക്ക് രാവിലെയും വൈകിട്ടുമാണ് ട്യൂട്ടര്‍മാര്‍ ട്യൂഷന് എടുക്കേണ്ടത്. ആദ്യകാലങ്ങളില്‍ എട്ട് ട്യൂട്ടര്മാരെയുണ്ടായിരുന്നുളളു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 12 പേരായി വര്‍ധിച്ചു. ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് 4000 രൂപയും യു.പി വിഭാഗക്കാര്‍ക്ക് 3500 രൂപയുമാണ് വേതനം. നഗരസഭയോ പട്ടികജാതി ക്ഷേമ വകുപ്പോ ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിക്കണമെന്നും പ്രീ മെട്രീക്ക് ഹോസ്റ്റലുകളെ ആധുനികരിക്കുകയും താമസ സൗകര്യവും ഭക്ഷണവും മികച്ചതാക്കുകയും ചെയ്യണമെന്ന ആവശ്യം ജനപ്രതിനിധികള്‍ കേള്‍ക്കാത്ത മട്ടാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: