തിരുവല്ല: കോട്ടൂര്‍ ചെറുപുഷ്പം മലങ്കര കാത്തോലിക്ക പള്ളി വക സെമിത്തരിയിലെ കല്ലറ പൊളിക്കാന്‍ ശ്രമം നടത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് 46 അറകളുള്ള കല്ലറയുടെ മുകളിലത്തെ ഒരു അറ പൊട്ടിച്ചു വച്ചിരിക്കുന്നത് വിശ്വാസികളുടെ ശ്രദ്ധയില്‍പെടുന്നത്. സ്ലാബിന് തകരാര്‍ വരാത്ത വിധം 45ാമത്തെ അറ തുറക്കാനായി മൂന്ന് ഭാഗവും പൊട്ടിച്ചു മാറ്റി. ഒരു ഭാഗത്ത് ഭിത്തിയില്‍ ഇരുമ്പ് ദണ്ഡ് ഘടിപ്പിച്ചിരുന്നത് പൊളിച്ചുമാറ്റാനായില്ല. ഈ കല്ലറയില്‍ ഇതുവെരെ ശവസംസ്കാരം നടത്തിയിട്ടില്ല. പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറെയാണ്. ഏറ്റവും മുകളിലത്തെ കല്ലറ തുറക്കാന്‍ ശ്രമിച്ചതിനു പിന്നിലെ ഗൂഡലക്ഷ്യം എന്താണെന്ന അന്വേഷണത്തിലാണു വിശ്വാസികള്‍. പള്ളി ഭാരവാഹികള്‍ തിരുവല്ല പോലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: